SignIn
Kerala Kaumudi Online
Sunday, 31 May 2026 12.51 AM IST

ചെമ്പുകചാലിൽ നൂറുമേനിയുമായി മത്സ്യ കർഷക‌ർ; വരാലിലൂടെ വലിയ വരുമാനം

fish

പത്തനംതിട്ട : മത്സ്യ കർഷകരെ ചേർത്തുപിടിച്ച് വരാൽ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. മലിനമായിരുന്ന ചെമ്പുകചാലിലെ ജലാശയത്തെ മത്സ്യകൃഷിക്ക് അനുയോജ്യമാക്കി മാറ്റിയതിലൂടെ പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് വിളവ് ലഭിച്ചു. എസ്.ആർ മത്സ്യ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇവിടെ വരാൽ കൃഷി.
കർഷകനായ ഷാജി കെ.ജേക്കബിന്റെ നേതൃത്വത്തിൽ ചെമ്പുകചാലിൽ ആദ്യം വരാൽകൃഷിയുടെ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. ചുറ്റും മുളനാട്ടി ടാർപോളിൻ കെട്ടിയാണ് കൃഷി സംരക്ഷിക്കുന്നത്. 11 വലക്കൂടുകൾ കെട്ടിതിരിച്ചു, 15000 വരാൽ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മത്സ്യങ്ങൾ പുറത്തേക്ക് ചാടാതിരിക്കാനും പക്ഷികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുമായി ചാലിന്റെ മുകളിലും വല വിരിച്ചിട്ടുണ്ട്.

ഉയർന്ന വിപണി മൂല്യവും പ്രതികൂലകാലാവസ്ഥയെ ചെറുക്കാനുള്ള കഴിവുമാണ് വരാലിന്റെ മെച്ചം.ഗുണഭോക്താക്കളെ ഗ്രൂപ്പാക്കി മാറ്റി പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച മുറയ്ക്കാണ് കൃഷിക്ക് ആവശ്യമായ സഹായം ഫിഷറീസ് നൽകിയത്.

വലക്കൂട്ടിൽ വളർച്ച

ഒരു വലക്കൂടിനു 27 അടി നീളവും 14 അടി വീതിയും ജലനിരപ്പിൽ നിന്ന് 12 അടിയോളം ഉയരവുമാണുള്ളത്. എട്ടു മാസമാണ് വരാലിന്റെ പൂർണവളർച്ച കാലാവധി. ഓരോന്നിന്നും രണ്ടു കിലോയോളം തൂക്കം ഉണ്ടാകും. ഒന്നാംഘട്ടത്തിൽ മത്സ്യങ്ങളെ കൂടുകളിൽ നിക്ഷേപിക്കും. രണ്ടാംഘട്ടത്തിൽ വലിപ്പവും ഗുണനിലവാരവും അടിസ്ഥാനമാക്കി തരംതിരിച്ചു മറ്റു കൂടുകളിലേക്ക് മാറ്റും. ദിവസം മൂന്നു നേരമാണ് മത്സ്യങ്ങൾക്ക് ഭക്ഷണം. ഉയർന്ന പ്രോട്ടീനോട് കൂടിയ പെല്ലറ്റ് ഫീഡാണ് നൽകുന്നത്. വരാൽ പൂർണവളർച്ചയെത്തുമ്പോൾ ഒരു കൂടിൽനിന്നും 500 കിലോ വരെ ലഭിക്കും.

ഒരു ഹെക്ടർ സ്ഥലത്ത് 15 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പഞ്ചായത്തിൽ രണ്ടര ഹെക്ടർ സ്ഥലത്തിലെ കൃഷിയിലേക്ക് 18 ലക്ഷം രൂപയാണ് മത്സ്യ ബന്ധന വകുപ്പ് നൽകിയത്.

ഡോ.പി.എസ്.അനിത

ജില്ലാ ഫിഷറീസ് ഓഫീസർ

മത്സ്യബന്ധന മേഖലയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിച്ചു കർഷകർക്ക് വരുമാനത്തിനുള്ള പുതിയപാത സൃഷ്ടിക്കുകയാണ് ഗ്രാമപഞ്ചായത്ത്. മത്സ്യലഭ്യത വർദ്ധിപ്പിക്കാനായി മറ്റുസ്ഥലങ്ങളിലേക്കും വ്യാപകമായി കൃഷിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഫിഷറീസ് വകുപ്പും പഞ്ചായത്തും സംയുക്തമായി ശ്രമിക്കുന്നത്.

കെ.ബി ശശിധരൻ പിള്ള,

പ്രസിഡന്റ്

ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് .

തടയണ മത്സ്യകൃഷിയിൽ നിന്നുള്ള ലാഭം മുഴുവനും കർഷകന് സ്വന്തമാണ്. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന മത്സ്യകൃഷിയിലേക്ക് കൂടുതൽ കർഷകർ താത്പര്യത്തോട് എത്തുന്നുണ്ട്.
ശില്പ പ്രദീപ്, ഓഫീസർ
മത്സ്യഭവൻ, തിരുവല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL