SignIn
Kerala Kaumudi Online
Thursday, 13 August 2026 2.43 AM IST

ഓണം വിപണി : വിലക്കയറ്റം തടയാൻ 2000 പച്ചക്കറിച്ചന്ത

onam

പത്തനംതിട്ട: ഓണം വിപണിയിലേക്കുള്ള പച്ചക്കറി കൃഷി പ്രളയത്തിൽ നശിച്ചത് മുതലാക്കി അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികൾക്ക് വില കൂട്ടി വിൽക്കുന്നത് തടയാൻ കൃഷി വകുപ്പ് സംസ്ഥാനത്ത് 2000 പച്ചക്കറിച്ചന്തകൾ നടത്തും. ഇതിനായി 11 കോടി മാറ്റിവയ്ക്കും. ഓണക്കാലത്ത് വിലക്കയറ്റമുണ്ടാകാതെ പ്രതിരോധിക്കുമെന്ന് ജില്ലയിലെ കൃഷിനാശം വിലയിരുത്തിയ യോഗത്തിന് ശേഷം കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. സംസ്ഥാനത്തെ കാർഷിക വിപണികളിൽ നിന്ന് പച്ചക്കറികൾ സംഭരിച്ച് ചന്ത നടത്തും.

തകർന്ന മോട്ടോറുകൾ പുന:സ്ഥാപിക്കും

പ്രളയക്കെടുതിയിൽ മോട്ടോറുകളും തറകളും നശിച്ച കർഷകർക്ക് അവ പുനർനിർമിക്കുന്നതിന് സഹായം നൽകും. വിളനാശത്തിനുള്ള നഷ്ടപരിഹാരം 25ശതമാനം വർദ്ധിപ്പിക്കും. ജില്ലയിലെ ആറ് കൃഷിഭവനുകൾ വെള്ളത്തിലായി. ഇവ ഉയർത്തി നിർമ്മിക്കുന്നതിന് തുക അനുവദിക്കും.

തരിശുഭൂമി കണ്ടെത്തി ഡിജിറ്റലൈസ് ചെയ്യും. അവിടെ കൃഷി ആരംഭിക്കും.

വന്യമൃഗ ശല്യം തടയാൻ കോൺക്ളേവ്

വന്യമൃഗശല്യം നേരിടുന്നതിന് വനംവകുപ്പുമായി ചേർന്ന് കോഴിക്കാേട് കോൺക്ളേവ് നടത്തും. മൃഗങ്ങളെ അകറ്റാനുള്ള ലേസർ ലൈറ്റ്, ശബ്ദം തുടങ്ങിയ നൂതന സംവിധാനങ്ങളക്കുറിച്ച് കോൺക്ളേവ് ചർച്ച ചെയ്യും.

സ്കൂളുകളിൽ കതിർ ക്ളബ്

സ്കൂളുകളിൽ കൃഷി വകുപ്പിന്റെ കതിർ ക്ളബ് പദ്ധതി ആദ്യഘട്ടമായി 500 സ്കൂളുകളിൽ നട‌പ്പാക്കും. ഉച്ചഭക്ഷണത്തിന് സ്കൂൾ പച്ചക്കറികളും ഉപയോഗിക്കും. കൃഷിയിൽ ഏർപ്പെടുന്നു കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകും. സ്കൂളിലും വീട്ടിലും കൃഷി പ്രോത്സാഹിപ്പിക്കും.

യോഗത്തിൽ എം.എൽ.എമാരായ പഴകുളം മധു, സി.വി.ശാന്തകുമാർ, കെ.യു.ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണമല, നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ജില്ലാ കളക്ടർ എ.നിസാമുദീൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഏതു പ്രതിസന്ധി ഘട്ടത്തിലും കൃഷിവകുപ്പ് കർഷകർക്കൊപ്പമുണ്ട്. കർഷകരോട് ഉറ്റവരെ പോലെ ഉദ്യോഗസ്ഥർ പെരുമാറണം.

ടി.സിദ്ദിഖ്, കൃഷി മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL