പത്തനംതിട്ട : രാജ്യം എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടക്കുന്ന പരേഡിൽ മൂന്ന് അമ്മമാരും അവരുടെ മൂന്ന് പെൺമക്കളും പങ്കെടുക്കും. കേരളാ സിവിൽ ഡിഫൻസ് ടീമിൽ ഉൾപ്പെട്ടവരാണിവർ. സെറിമോണിയൽ പരേഡിൽ സിവിൽ ഡിഫൻസ് ജില്ലാടീമിനെ പ്രതിനിധീകരിക്കുന്നത് ജില്ലയിലെ വിവിധ അഗ്നിരക്ഷാനിലയങ്ങളിൽ നിന്നുള്ള 30 വനിതകളാണെന്നുള്ള പ്രത്യേകതയുമുണ്ട്. റിട്ട.ആർമി ക്യാപ്ടൻ സന്തോഷ് കുമാറിന്റെയും സ്മിത എം.നായരുടെയും മകൾ നന്ദന കൃഷ്ണയാണ് ടീമിനെ നയിക്കുന്നത്. മകൾ നയിക്കുന്ന പരേഡിൽ സിവിൽ ഡിഫൻസ് അംഗമായ സ്മിതയും പങ്കെടുക്കും. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എസ് സി സുവോളജി ബിരുദം നേടിയിട്ടുള്ള നന്ദന കൃഷ്ണ, കോളേജ് എൻ.സി.സി യൂണിറ്റിൽ സീനിയർ അണ്ടർ ഓഫീസറായിരുന്നു. 2024 ജനുവരി 26ന് ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലും പ്രൈം മിനിസ്റ്റേഴ്‌സ് റാലിയിലും പങ്കെടുത്തിരുന്നു.
ഇവർക്ക് പുറമേ സീതത്തോട് സിവിൽ ഡിഫൻസ് യൂണിറ്റിൽ നിന്നുള്ള സീമ രാഘവനും മകൾ അർച്ചനയും കെ.ബി.ബിന്ദുവും മകൾ അയന അർജുനനും പരേഡിൽ അണിനിരക്കും. സിവിൽ ഡിഫൻസ് ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ മാത്രമായി പൂർണ വനിതാ പ്ലാറ്റൂൺ പരേഡിന് ഇറങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |