SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.08 AM IST

ശിൽപ്പി ഓമനക്കുട്ടൻ, മ​ര​ത്ത​ടി​​​യി​​​ലെ മാസ്മരി​കത

dd
ഒാമനക്കുട്ടൻ നിർമ്മിച്ച പള്ളിയോടം

പത്തനംതിട്ട : തേക്കുതടിയിൽ നിർമിച്ച പള്ളിയോടം ആറൻമുള വള്ളംകളിക്ക് എത്തുന്ന മുഖ്യാതി​ഥി​ക്ക് സമർപ്പിക്കാനായിരുന്നു ശിൽപ്പി ഓമനക്കുട്ടന്റെ ആഗ്രഹം. എന്നാൽ ഇത്തവണ അത് സാധി​ച്ചി​ല്ല. മുഖ്യാതിഥി ഉപരാഷ്ട്രപതി ആയിരുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ തടസമായി​. അടുത്ത വർഷം എത്തുന്ന അതിഥിക്ക് സമ്മാനിച്ച് തന്റെ സ്വപ്നം നീരണയിക്കാൻ വള്ളം പണിപ്പുരയിൽ സൂക്ഷിക്കും. ഒറ്റദിവസം കൊണ്ട് നിർമിച്ച പള്ളിയോടത്തിന് മൂന്നടിയും രണ്ടിഞ്ചുമാണ് നീളം. വേണമെങ്കിൽ വിരൽത്തുമ്പിൽ നിറുത്താം. ഭാരം ഒരു കിലോയും നൂറ് ഗ്രാമും. അമരവും അണിയവും നവഗ്രഹങ്ങളുമെല്ലാം സൂക്ഷ്മതയോടെ കൊത്തിമിനുക്കിയാണ് പള്ളിയോടം ഒരുക്കിയത്. അടുത്ത വർഷത്തെ വള്ളംകളിക്ക് പള്ളിയോടം ആറൻമുളയ്ക്ക് കൊണ്ടുപോകും.

ഓമനക്കുട്ടന്റെ ശിൽപ്പങ്ങൾ കടൽ കടന്നും പ്രശസ്തി നേടിയിട്ടുണ്ട്. ഒറ്റത്തടിയിൽ നിർമ്മിച്ച 108 മഹാൻമാരുടെ ശിൽപ്പം പ്രമാടം നേതാജി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഠന സഹായി കൂടിയാണ്. ഇത് 2017ൽ ഗിന്നസ് ബുക്കിൽ ഇടംനേടി.

നദിയിൽ കുളിച്ച് നഗ്നയായി കയറി വരുന്ന സുന്ദരിയുടെ ഒറ്റത്തടി ശിൽപ്പത്തിന് വിദേശികൾ ഉൾപ്പെടെ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വിൽപ്പനയ്ക്കില്ല. ഓമനക്കുട്ടന്റെ പണിപ്പുര‌യിൽ അവൾ കാഴ്ചയുടെ വിരുന്നാണ്. ഡയാന രാജകുമാരിയുടെ ശിൽപ്പവും നിർമ്മിച്ചിട്ടുണ്ട്.

ചന്ദനപ്പള്ളി വലിയ പള്ളിയിലെ ശിൽപ്പങ്ങൾ അടുത്തിടെ പുതുക്കിപ്പണിതത് ഓമനക്കുട്ടന്റെ നേതൃത്വത്തിലാണ്. മാനന്തവാടി മദർ തെരേസ ആശ്രമത്തിലെ മദർ തെ‌രേസയുടെ ശിൽപ്പവും ഓമനക്കുട്ടന്റെ കരവിരുതിൽ നിർമ്മിച്ചതാണ്. ഒറ്റത്തടിയിൽ നിർമിച്ച അന്ത്യഅത്താഴം ആകർഷകമാണ്. മലയാലപ്പുഴ ദേവിയുടെയും ഗീതോപദേശത്തിന്റെയും ശിൽപ്പങ്ങളുടെ കൊത്തുപണി തുടങ്ങി.

കോട്ടയം വാകത്താനം പെങ്ങന്താനത്തായിരുന്നു ഓമനക്കുട്ടന്റെ ചിത്രകലാ കുടുംബം. കോയിക്കപ്പറമ്പിൽ കുഞ്ഞാശാരിയുടെയും കല്യാണിയുടെയും മകൻ. പതിനഞ്ചാം വയസിൽ പന്തളം കൊട്ടാരത്തിലെ ശിൽപ്പങ്ങൾ പുതുക്കിപ്പണിയാനാണ് ജില്ലയിലെത്തിയത്. ഒരു ദിവസം കൊട്ടാരത്തിൽ എത്തിയ മോഹൻലാൽ അഭിനന്ദിച്ചു. പ്രമാടം പൊക്കി​ട്ടാര ജംഗ്ഷനി​ൽ കോയി​ക്കപറമ്പി​ൽ വീട്ടി​ലാണ് ഓമനക്കുട്ടന്റെയും കുടുംബത്തി​ന്റെയും താമസം. അങ്കണവാടി വർക്കർ സുജാതയാണ് ഭാര്യ. മകൾ : ആര്യ. മകൻ അഭിജിത്ത് അച്ഛന്റെ പാതയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL