SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

അരുവിക്കരയിലെ ബലിമണ്ഡപങ്ങൾ അന്യാധീനപ്പെടുന്നു

photo

നെടുമങ്ങാട്: കർക്കിടകവാവിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ, ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ അരുവിക്കരയിലെ ബലിമണ്ഡപങ്ങൾ അന്യാധീനപ്പെടുന്നു.പടർന്നു പന്തലിച്ച കാട് വകഞ്ഞു മാറ്റിയാലേ ബലിക്കടവുകളിൽ എത്താനാവു.മണ്ഡപത്തിന്റെ കോൺക്രീറ്റ് തൂണുകളും തകർന്നു. പടവുകളിലെ കമ്പികൾ ഇളകിയും അറുത്ത് മാറ്റപ്പെട്ട നിലയിലുമാണ്.വസ്ത്രം മാറുന്ന കെട്ടിടത്തിന്റെ ഗ്രില്ലുകളും ജനാലകളുമുൾപ്പടെ കവർച്ച ചെയ്യപ്പെട്ടു.അനാശാസ്യസംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ് ചെക്കുഡാമും ബലിക്കടവുകളും.

ഡാമിൽ നിന്ന് ബലിമണ്ഡപത്തിലെത്താനുള്ള വാനക്കുഴി റോഡ് മാലിന്യമടിഞ്ഞ് ചീഞ്ഞുനാറുന്ന അവസ്ഥയിലാണ്. പൊലീസ് സ്റ്റേഷനും, പഞ്ചായത്തോഫീസിനും വിളിപ്പാടകലെയാണെങ്കിലും വിജനപ്രദേശമായതിനാൽ ആരും തിരിഞ്ഞുനോക്കുന്നില്ല. ജി.സ്റ്റീഫൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ, ജനപ്രതിനിധി യോഗത്തിൽ ഇതുസംബന്ധിച്ച് വലിയ പ്രതിഷേധമാണുയർന്നത്.

മുൻ സ്പീക്കർ ജി.കാർത്തികേയൻ മുൻകൈയെടുത്ത് ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് ഏഴുകോടി രൂപ ചെലവിൽ നിർമ്മിച്ച ബലി മണ്ഡപങ്ങളാണ് നവീകരണമില്ലാതെ നശിക്കുന്നത്.ഡാമിനു മുന്നിലും, പഴയ പൊലീസ് സ്റ്റേഷന് സമീപമുള്ള കരമനയാറിലുമാണ് അരുവിക്കരയിലെ ബലിക്കടവുകൾ.

ശുചീകരണവും നവീകരണവും അനിവാര്യം

അമ്പതിനായിരത്തോളം ആളുകളാണ് വർഷാവർഷം ഇവിടെയെത്തുന്നത്. ആഗസ്റ്റ് 12നാണ് ഇത്തവണ വാവുബലി. സ്നാനത്തിനുള്ള ഷട്ടറുകൾ ഒരുക്കാൻ ഇതേവരെ നടപടിയായിട്ടില്ല.ബലിതർപ്പണത്തിന് മുന്നോടിയായി ഒരാഴ്ചത്തെ കാർഷിക വ്യാവസായിക വിളകളുടെ പ്രദർശനത്തിനും കലാമേളയ്ക്കും പശ്ചാത്തലമൊരുക്കേണ്ടതുണ്ട്. ശുചീകരണവും ,നവീകരണവും ഇനിയും വൈകിയാൽ ബലിതർപ്പണം താറുമാറാകുമെന്നാണ് ആശങ്ക.

നിത്യതർപ്പണം; 47 ലക്ഷം രൂപയുടെ പദ്ധതി പാഴായി

മരണാനന്തര ബലിയിടൽ ചടങ്ങുകൾക്കും ശ്രാദ്ധപൂജകൾക്കും പ്രതിമാസമുള്ള പിതൃതർപ്പണത്തിനും ബലിമണ്ഡപങ്ങൾ തുറന്നു കൊടുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.വാവ് കഴിഞ്ഞാൽ കടവുകൾ അടച്ചിടുകയാണ് ഇവിടെ പതിവ്.

വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം നിത്യവും ബലിതർപ്പണവും ശ്രാദ്ധപൂജകളും നടത്താൻ സൗകര്യങ്ങൾ ഒരുക്കുന്നതിനും കാർമ്മികരെ നിയമിക്കുന്നതിനും സർക്കാർ 47ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നൽകിയിരുന്നതാണ്.എന്നാൽ അതും നടപ്പായില്ല. വാച്ച്മാൻ,കാർമ്മികർ,ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ നിയമനത്തിനും നടപടിയായിരുന്നു. വാട്ടർ അതോറിട്ടിയിലെ ചില ഉദ്യോഗസ്ഥർ നടപടികൾ അട്ടിമറിച്ചെന്ന ആരോപണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL