ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് കത്തുനൽകി
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഹോസ്‌പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.
സൊസൈറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 2021ലെ ഓഡിറ്റ് റിപ്പോർട്ടിൽ 46 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയത്. എച്ച്.എം.സി ലാബ്,എം.ആർ.ഐ സ്‌കാൻ,അൾട്രാസൗണ്ട് സ്‌കാൻ എന്നിവിടങ്ങളിലെ ദൈനംദിന വരുമാനം ലെഡ്ജറിൽ വരവ് വച്ചെങ്കിലും ബാങ്കിലടയ്ക്കാതെ തിരിമറി നടത്തുകയായിരുന്നു. റിപ്പോർട്ടിൽ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ധനകാര്യ നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാലാണ് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചത്.
അക്കൗണ്ടുകളുടെ പരിപാലനത്തിലും പരിശോധനയിലുമുണ്ടായ വീഴ്ചകൾ,നിക്ഷേപങ്ങൾ,വിവിധ കടക്കാരുടെയും കുടിശികക്കാരുടെയും കാര്യങ്ങളിൽ വ്യക്തയില്ലാത്തത്,വാർഷിക പരിപാലന കരാറുകൾക്കും സുരക്ഷാ സേവന ദാതാക്കൾക്കും നൽകിയ തുകയിൽ നിന്ന് നിയമാനുസൃത നികുതി പിടിക്കാതിരുന്നത് എന്നിവ ഉൾപ്പെടെയുള്ള വീഴ്ചകളും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
വസ്തുതകൾ കണ്ടെത്തുന്നതിനും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ആവശ്യമായ നിയമനടപടി വേണമെന്നാണ് മന്ത്രി കെ.മുരളീധരൻ ആഭ്യന്തരമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിനായി ഉചിതമായ ഏജൻസിക്ക് കേസ് കൈമാറണമെന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും കത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |