
തൃശൂർ: പടിഞ്ഞാറേ കോട്ടയിൽ ഫിറ്റ്‌നസ് സെന്ററിന്റെ മറവിൽ കൊറിയർ വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയ നെടുപുഴ സ്വദേശി വിഷ്ണു (32), സഹായി അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിഷ്ണു നടത്തുന്ന വിവ ഫിറ്റ്‌നസ് സെന്റർ, പ്രോട്ടീൻ മാൾ എന്നിവയുടെ അനുബന്ധ സ്ഥാപനമായ വെസ്റ്റേൺ ഹോൾസെയിൽ വഴി തുണിത്തരങ്ങളെന്ന വ്യാജേനയാണ് ലഹരിമരുന്ന് കടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സെന്റ് തോമസ് കോളേജിന് സമീപത്തെ കൊറിയർ സ്ഥാപനത്തിൽ പ്രജാൾ ഗോഗോയ് നിരന്തരമെത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഈസ്റ്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ സദാശിവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാല് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 464 ഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം എം.ഡി.എം.എ എന്നിവ പിടിച്ചെടുത്തു. പ്രതികൾ കൊറിയർ വഴി വിവിധയിടങ്ങളിലേക്ക് ലഹരിമരുന്ന് അയച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.
പ്രതിയായ വിഷ്ണുവിനെതിരെ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, അന്തിക്കാട് പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസിലും മയക്കുമരുന്ന് വിൽപ്പനയുൾപ്പെടെ നിരവധി കേസുകളുണ്ട്. രണ്ടാം പ്രതി പ്രജാൾ ഗോഗോയ് എറണാകുളം കാലടി സ്റ്റേഷനിലെ കൊലപാതകക്കേസിൽ പ്രതിയാണ്.
സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ എം. ശശിധരന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സദാശിവൻ, വരുൺ ഇ. ആദർശ്, പി.എസ്. ഗ്രീഷ്മ, സിവിൽ പൊലീസ് ഓഫീസർമാരായ ബിനുരാജ്, നിധീഷ്, രാഹുൽ കൃഷ്ണ എന്നിവരും ഡാൻസാഫ് സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |