SignIn
Kerala Kaumudi Online
Monday, 10 August 2026 3.39 AM IST

പ്രഖ്യാപനത്തിലൊതുങ്ങി ചെല്ലഞ്ചി പാലം ബസ് സർവീസ്

പാലോട്: അഞ്ച് പഞ്ചായത്തുകളിലെ യാത്രാ ദുരിതമൊഴിവാക്കാൻ ഏക ആശ്രയമായ ചെല്ലഞ്ചി പാലത്തിലൂടെ കൂടുതൽ ബസ് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് ഏഴു വർഷത്തെ പഴക്കമായിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

നിലവിൽ വെ‌ഞ്ഞാറമൂട്-പേരയം,മെഡിക്കൽ കോളേജ് സർവ്വീസ് രണ്ടെണ്ണവും കൂടാതെ ഒരു സ്വകാര്യ ബസ് സർവ്വീസുമാണുള്ളത്. ദീർഘനാളത്തെ ആവശ്യമായ ശിവഗിരി പൊൻമുടി ബസ് സർവ്വീസുകളും വിദ്യാർത്ഥികൾക്കും സാധാരണ യാത്രക്കാർക്കും ആവശ്യമായ ബസ് സർവ്വീസുകളും നടപ്പിലാക്കാൻ നന്ദിയോട്-കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെല്ലഞ്ചിയിൽ പാലം പണി പൂർത്തിയായിട്ട് ഏഴു വർഷം കഴിഞ്ഞു.

വിദ്യാർത്ഥികൾക്കും യാത്രാദുരിതം

നന്ദിയോട്,കല്ലറ,പുല്ലമ്പാറ,പാങ്ങോട്,പനവൂർ പഞ്ചായത്തിലെ ആളുകൾക്കാണ് യാത്രാദുരിതത്തിൽ നിന്ന് മോചനമില്ലാത്തത്. മിതൃമ്മല, കല്ലറ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വിദ്യാലയത്തിലെത്തണമെങ്കിൽ 6 കിലോമീറ്റർ സഞ്ചരിച്ച് മുതുവിളയിലെത്തണം. സന്ധ്യയായാൽ വന്യമൃഗശല്യം രൂക്ഷമായ മേഖല കൂടിയാണ് ഇത്. വർഷങ്ങൾ നീണ്ട സമര പരമ്പരകൾക്കൊടുവിലാണ് പാലം യാഥാർത്ഥ്യമായത്.

വിനോദസഞ്ചാര ഇടത്താവളം യാഥാർത്ഥ്യമായില്ല

തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വർക്കലയേയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര ഇടത്താവളമാക്കി ചെല്ലഞ്ചിപ്പാലം മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ട് വർഷമൊന്ന് കഴിഞ്ഞിട്ടും നപടികൾ കടലാസിലൊതുങ്ങുകയാണ്. പാലമിപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമാണ്.

വർക്കല ബീച്ചിൽ നിന്ന് നെടുമങ്ങാട് വഴി നേരിട്ട് ആറ്റിങ്ങൽ-വെഞ്ഞാറമൂട്-നന്ദിയോട്-വിതുര വഴി അനായാസം പൊന്മുടിയിലേക്ക് ചെല്ലഞ്ചി പാലം വഴി എത്താനാവും.

നന്ദിയോട്-കല്ലറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ 148.25മീറ്റർ നീളത്തിൽ പണിത പാലം കാണാൻ നിരവധി സഞ്ചാരികളെത്താറുണ്ട്.

നടപടിയായില്ല

പൊന്മുടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഒരു ഇടത്താവളമെന്ന നിലയിൽ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കുമെന്നാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 24ഫെബ്രുവരി 2022ൽ പ്രഖ്യാപിച്ചിരുന്നു. വാമനപുരം നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 25ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വാമനപുരം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL