
ഉദിയൻകുളങ്ങര: ചിങ്ങമാസ ലാഭം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിൽ. കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലസേചനവും കഴിഞ്ഞതവണകളിലായി സംഭരിച്ച നെല്ലിന്റെ തുകയും കിട്ടാതായതോടെ മുതൽമുടക്കിയ പണം പോലും കിട്ടാത്ത സ്ഥിതിയിലാണ് കർഷകർ. നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ പഞ്ചായത്തിൽ കീഴമ്മാകം എന്ന ഗ്രാമത്തിലെ നിരവധി കർഷകർ ഇപ്പോൾ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.
വർഷത്തിൽ രണ്ട് പ്രാവശ്യമിറക്കുന്ന വിരിഷ്, മുണ്ടകൻ നെൽക്കൃഷിക്ക് ശേഷമുള്ള പയർ കൃഷിയിൽ മാസങ്ങൾക്കു മുമ്പ് വെള്ളം കയറിയതാണ് കർഷകരുടെ പ്രതീക്ഷകൾ അദ്യ ഘട്ടത്തിൽ തകർത്തത്. ഇടതുകര കനാലിൽ നിന്ന് വണ്ടികര തോടു വഴി കൃഷിയിടത്തിലെത്തുന്ന വെള്ളം ഇറിഗേഷൻ വകുപ്പ് കർഷകരുടെ ആവശ്യപ്രകാരമാണ് കൃത്യസമയത്ത് തുറന്നു കൊടുക്കുന്നത്. എന്നാൽ ഇത്തവണ വെള്ളം കൃത്യസമയത്ത് ലഭിക്കാതായതോടെ ചിങ്ങമാസം ലക്ഷ്യം വെച്ച് കൊയ്ത്ത് നടത്താനിരുന്ന 55 ഏക്കർ ഭൂമിയിലെ നെൽകൃഷിയാണ് വേണ്ടത്ര വിളവ് ലഭിക്കാതെ കരിഞ്ഞുണങ്ങിയത്. പാടശേഖരസമിതിയുടെ നേതൃത്വത്തിലുള്ള 104 കർഷകരാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
ആനൂകുല്യങ്ങളില്ല
കഴിഞ്ഞ രണ്ടു വർഷമായി സപ്ലൈകോ ശേഖരിച്ച നെല്ലിന്റെ പ്രതിഫലം ഇനിയും കർഷകർക്ക് ലഭിച്ചിട്ടില്ല. കാലവർഷക്കെടുതിയിലെ നാശനഷ്ടങ്ങളിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നെൽകൃഷിക്ക് നിരവധി ആനുകൂല്യങ്ങളുണ്ടെങ്കിലും ഇവിടെയുള്ള കർഷകർക്ക് ഇതൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. നെല്ലും വയ്ക്കോലും വിറ്റാൽ പോലും കൃഷിക്ക് മുടക്കിയ പണം ലഭിക്കാത്ത സ്ഥിതിയാണെന്നാണ് കർഷകർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |