പാലോട്: തീവണ്ടിയുടെ ചൂളംവിളിക്കായി കാത്തിരുന്ന തലസ്ഥാന ജില്ലയിലെ മലയോര നിവാസികൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് നിലവിൽ. പൊതുഗതാഗതത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം നിലനിൽക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത റോഡുകളുടെ നവീകരണവും പുനരുദ്ധാരണവും മാത്രമാണ് പൊതുഗതാഗത രംഗത്ത് കാലാകാലങ്ങളിൽ നടന്നുവരുന്നത്. ക്രമാതീതമായ വാഹനപ്പെരുപ്പവും അനിയന്ത്രിതമായ ഗതാഗതക്കുരുക്കും റോഡ് ഗതാഗതം പരിമിതമാക്കിയിട്ട് വർഷങ്ങളായി. തമിഴ്നാടുമായി പ്രധാന ചരക്കുഗതാഗതം നടന്നു പോരുന്ന ചെങ്കോട്ട - തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ അപകടം ഒഴിഞ്ഞ ദിവസമില്ല.
സാദ്ധ്യത പട്ടികയിൽ നെടുമങ്ങാടും
റെയിൽവേ സൗകര്യമില്ലാത്ത അരലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിൽ പുതിയ റെയിൽ പാത നിർമ്മിക്കാനുള്ള പദ്ധതിയിൽ നെടുമങ്ങാടും സാദ്ധ്യതാ പട്ടികയിലുണ്ട്. ശബരി റെയിലിന്റെ മൂന്നാം ഘട്ടമായി പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതും നെടുമങ്ങാട് വഴിയാണ്. ഗതിശക്തി സ്കീമിലുൾപ്പെടുത്തി നെടുമങ്ങാട്ടേക്ക് പുതിയ പാത വരുന്നതും ശബരി പദ്ധതിക്ക് സഹായകമാകും.
ചരക്കു നീക്കം സുഗമമാക്കും
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം കൂടി യാഥാർത്ഥ്യമായതോടെ ഇരു സംസ്ഥാനങ്ങളുമായുള്ള ചരക്കു നീക്കത്തിന് റോഡുഗതാഗതം അപര്യാപ്തമാകാനും ഇടയുണ്ട്. ചരക്കു നീക്കത്തിനൊപ്പം ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താനും ചെങ്കോട്ട-തിരുവനന്തപുരം റെയിൽപ്പാത നിർമ്മാണം ഉപകരിക്കും.
കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ കുളത്തൂപ്പുഴ-മടത്തറ-പാലോട്- നെടുമങ്ങാട്-കരകുളം വഴി തിരുവനന്തപുരം സെൻട്രലിൽ സംഗമിക്കുന്നതാണ് മലയോര റെയിൽപ്പാത.
പതിറ്റാണ്ടുകൾക്ക് മുമ്പ് പുനലൂർ-തെന്മലപാത നിർമ്മാണ ഘട്ടത്തിൽ നിർദ്ദിഷ്ട തിരുവനന്തപുരം മലയോര പാത സജീവ പരിഗണനയിൽ ഉണ്ടായിരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ചെങ്കോട്ട-പാലോട്-നെടുമങ്ങാട് റെയിൽപ്പാത
ഓരോ കേന്ദ്ര ബഡ്ജറ്റിലും മലയോര റെയിൽപ്പാതയ്ക്കായി പ്രതീക്ഷിക്കുമ്പോഴും ജനങ്ങൾക്ക് നിരാശയായിരുന്നു ഫലം. നിലവിൽ കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവും പിന്തുണച്ചാൽ എല്ലാ തടസ്സങ്ങളും നീക്കി ചെങ്കോട്ട-പാലോട്-നെടുമങ്ങാട് റെയിൽപ്പാതയിലൂടെ തീവണ്ടി കൂകിപ്പാഞ്ഞെത്തുന്ന സുദിനങ്ങൾ അകലെയാകില്ലെന്ന വിശ്വാസത്തിലാണ് മലയോരജനത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |