SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.28 AM IST

'ഹോട്ട് സീറ്റ്' ഒഴിഞ്ഞുകിടക്കുന്നു; സെക്രട്ടറിയെ കാത്ത് മാള പഞ്ചായത്ത്

1
1

മാള: ആറുമാസമായി സെക്രട്ടറി ഇല്ലാതെ മാള പഞ്ചായത്തിന്റെ പ്രവർത്തനം. വിവിധ ഘട്ടങ്ങളിൽ നിയമന ഉത്തരവുകൾ ഇറങ്ങിയിട്ടും സെക്രട്ടറി ചുമതലയേൽക്കാത്തത് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ഫയൽ തീർപ്പുകളെയും ബാധിക്കുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സെക്രട്ടറിമാരെ അനുവദിച്ചതായി സർക്കാർ അറിയിപ്പ് വന്നെങ്കിലും മാള പഞ്ചായത്തിലെ സെക്രട്ടറി കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്ഥലംമാറ്റ, സ്ഥാനക്കയറ്റ പട്ടികകളിലും മാളയ്ക്ക് സെക്രട്ടറി ലഭിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ ഭരണപരമായ കാര്യങ്ങളിൽ നിരന്തരം വിവാദങ്ങളും തർക്കങ്ങളും ഉയരുന്നതിനാൽ സെക്രട്ടറി കസേര 'ഹോട്ട് സീറ്റ്' ആയി മാറിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിന്റെ ഫലമായി ചുമതലയേൽക്കുന്ന സെക്രട്ടറിമാർ അധികം വൈകാതെ സ്ഥലംമാറ്റം വാങ്ങുകയോ അവധിയിൽ പ്രവേശിക്കുകയോ ചെയ്യുന്ന സാഹചര്യമാണെന്നാണ് ആരോപണം. സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസിസ്റ്റന്റ് സെക്രട്ടറിയും ഓണത്തിന് ശേഷം അവധിയിൽ പ്രവേശിച്ചതായാണ് വിവരം. ഇതോടെ പഞ്ചായത്തിലെ ഭരണകാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.


വിവിധ തസ്തികയും ഒഴിഞ്ഞ്

ഇതിന് പുറമെ വിവിധ തസ്തികകളിലും ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെന്നാണ് പരാതി. സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അഭാവം ഫയലുകളിൽ തീരുമാനമെടുക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതായും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്. വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുൾപ്പെടെ തീരുമാനങ്ങൾ നീളുന്നതായും ആക്ഷേപമുണ്ട്. ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തി പഞ്ചായത്തിന്റെ ഭരണസംവിധാനം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പെൻഷൻ കാലയളവിൽ നിയമനം

സെക്രട്ടറിമാർ ചുമതലയേറ്റാലും ഏതാനും ദിവസങ്ങളോ മാസങ്ങളോ മാത്രമാണ് മാള പഞ്ചായത്തിൽ തുടരുന്നത്. പെൻഷൻ കാലയളവിനോട് അടുക്കുമ്പോൾ മാള പഞ്ചായത്തിൽ നിയമനം തിരഞ്ഞെടുക്കുന്നവരാണ് കൂടുതലെന്നും, അതിനാൽ പഞ്ചായത്തിന്റെ സാമ്പത്തികവും വികസനപരവുമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിൽ ഇവർക്ക് താൽപ്പര്യം കുറവാണെന്നും ആക്ഷേപമുണ്ട്. ഇവർ വിരമിക്കുന്നതോടെ സെക്രട്ടറി തസ്തിക വീണ്ടും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണ്.

പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്തത് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. സെക്രട്ടറി നിയമനം ആവശ്യപ്പെട്ട് പലതവണ വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും കത്തുകൾ നൽകിയിട്ടും നടപടി വൈകുകയാണ്. സെക്രട്ടറിയുടെ അഭാവം പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിനും കാലതാമസം നേരിടാൻ ഇടയാക്കുന്നുണ്ട്.

പി.കെ. രാധാകൃഷ്ണൻ
മാള പഞ്ചായത്ത് പ്രസിഡന്റ്‌


സെക്രട്ടറിയുടെ അഭാവം പൊതുജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും തടസപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങളുടെ പരാതികൾ കെസ്മാർട്ടിൽ അപ്‌ലോഡ് ചെയ്താലും മാസങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിക്കുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ നൽകിയാലും കാലതാമസം നേരിടുന്നു.
പല പരാതികളും ഉദ്യോഗസ്ഥരുടെ ടേബിളിൽ മാസങ്ങളായി കെട്ടിക്കിടക്കുകയാണ്. ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾ പോലും മന്ദഗതിയിലാണ്.

ജോയ് മാതിരപ്പിള്ളി
ബി.ജെ.പി സൗത്ത് ജില്ലാ മൈനോരിറ്റി മോർച്ച ജില്ലാ പ്രസിഡന്റ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL