SignIn
Kerala Kaumudi Online
Saturday, 25 April 2026 1.50 AM IST

വാടാനപ്പിള്ളിയിൽ സംഘർഷം, അറസ്റ്റ്: 'കിറ്റിൽ' ഒതുങ്ങാതെ വിവാദം

Increase Font Size Decrease Font Size Print Page

തൃശൂർ: ശബ്ദപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ, കിറ്റ് വിതരണത്തെച്ചൊല്ലി രാഷ്ട്രീയ പോര്. വാടാനപ്പിള്ളി ആത്മാവ് ജംഗ്ഷനിലെ ഗോഡൗണിൽ കിറ്റ് വിതരണത്തിനായി തയ്യാറാക്കുന്നു എന്നാരോപിച്ച് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധം മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനൊടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഡൗൺ ഉടമ പ്രവീണിന്റെ വീട്ടിൽ നിന്ന് ബി.ജെ.പി നേതാവും നടനുമായ ദേവനും ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭഗീഷ് പൂരാടനുമുൾപ്പെടെ പുറത്ത് വന്നതോടെ വിവാദം കൊഴുത്തു.
ഒളരിയിലെ സൂപ്പർമാർക്കറ്റിലെ കിറ്റ് വിതരണ വിവാദം നിലനിൽക്കെയാണ് വാടാനപ്പിള്ളിയിലെ സംഭവങ്ങൾ. വിവരമറിഞ്ഞ് യു.ഡി.എഫ്, എൽ.ഡി.എഫ് , ബി.ജെ.പി പ്രവർത്തകർ സ്ഥലത്തെത്തി. വോട്ടിനായാണ് ബി.ജെ.പി കിറ്റുകൾ ഒരുക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. അതേ സമയം എന്തിനു വേണ്ടിയാണ് കിറ്റ് തയ്യാറാക്കിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
യു.ഡി.എഫ് രംഗത്ത് എത്തിയതോടെ എൽ.ഡി.എഫ് പ്രവർത്തകർ പിൻവാങ്ങി. തുടർന്ന് യു.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ നേർക്കുനേർ നിലയുറപ്പിച്ച് മുദ്രവാക്യം മുഴക്കി. പ്രതിഷേധം ശക്തമാകുന്നതിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപനും,എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥും സ്ഥലത്തെത്തി.

പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കേന്ദ്രസേനയും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഗോഡൗൺ സീൽ ചെയ്യണമെന്നും ഉടമ പ്രവീൺ ജിത്തിനെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഒടുവിൽ ഉടമയെ വാടാനപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗോഡൗൺ സീൽ ചെയ്തു. തുടർന്നും സ്ഥലത്ത് നിലയുറപ്പിച്ച ടി.എൻ.പ്രതാപനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. തുടർന്ന് പ്രകടനവും നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനനടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു.


പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി വൻതോതിൽ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി തൃശൂരിൽ എത്തിയപ്പോൾ പണച്ചാക്കുകൾ എത്തിച്ചിട്ടുണ്ട്.

( ടി.എൻ.പ്രതാപൻ, യു.ഡി.എഫ് സ്ഥാനാർത്ഥി)


ടി.എൻ. പ്രതാപനും എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രൻ മാസ്റ്ററും ചേർന്ന് നടത്തിയ ഗൂഢലോചനയാണ് കണ്ടത്. തിരക്കഥ പ്രതാപന്റേതായിരുന്നു.

( ജസ്റ്റിൻ ജേക്കബ്ബ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ്)


ഇത് ഗൂഢലോചനയാണ്. കിറ്റുമായി ബി.ജെ.പിക്കോ എനിക്കോ ബന്ധമില്ല. താൻ പ്രവീണിന്റെ വീട്ടിൽ മഹാസമ്പർക്കത്തിന്റെ ഭാഗമായി എത്തിയതായിരുന്നു. ഞങ്ങളെ പിന്തുടർന്ന് പ്രതാപനും സംഘവും എത്തുകയായിരുന്നു.
ദേവൻ
(ബി.ജെ.പി നേതാവ്)

ജനാധിപത്യത്തെ അപഹാസ്യമാക്കുന്ന പണാധിപത്യമാണ് ബി.ജെ.പി അടിച്ചേൽപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ട വിരുദ്ധമായ കിറ്റ് വിതരണം ഇതിന്റെ ഭാഗമാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇതിനെ എതിർക്കണം. (സി.പി. എം ജില്ലാ സെക്രട്ടറിയേറ്റ് )



5 അലകൾ, വിവാദ തിരമാല

1. കിറ്റ് വിവാദം

ഒളരിക്കരയിൽ ശനിയാഴ്ച ശിവരാമപുരം ഉന്നതിയിൽ വിതരണം ചെയ്യിക്കാൻ എത്തിച്ചു എന്ന് ആരോപിച്ച് കിറ്റ് വിവാദം. സൂപ്പർ മാർക്കറ്റ് അടപ്പിച്ചു

2. ജാതി അധിക്ഷേപം

നാട്ടികയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സ്നേഹതീരം മാനേജർ ജാതി അധിക്ഷേപം നടത്തിയെന്ന് പൊലീസിൽ പരാതി.

3. 'വരത്തൻ' പ്രയോഗം
കയ്പമംഗലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ 'വരത്തൻ' പരാമർശമെന്നു പരാതി.

4. വികസന തർക്കം

തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വ്യാജ വികസനം ഉയർത്തിക്കാട്ടുന്നുവെന്ന് ആരോപിച്ചു എൽ.ഡി.എഫ് വാർത്താസമ്മേളനം, പിന്നാലെ മറുവാദവുമായി യു.ഡി.എഫ്

5. ചാവക്കാട് ഗുരുവായൂർ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വിവാദ പോസ്റ്റർ. (പോസ്റ്റർ ഹിന്ദു എം.എൽ.എ വേണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ )

കിറ്റ് വിവാദം കള്ളപ്രചാരണം: ബി.ജെ.പി

തൃശൂർ: ബി.ജെ.പിയുടെ വിജയത്തെ തടയാനുള്ള കള്ളപ്രചാരണമാണ് മണലൂർ, തൃശൂർ മണ്ഡലങ്ങളിൽ കിറ്റ് വിവാദമെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. ഒരു തെളിവുമില്ലാതെ ബി.ജെ.പി നേതാക്കളെ അപമാനിക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മഹാസമ്പർക്കം നടത്തുകയായിരുന്നുവെന്നും അത് തടയുന്നതിന് വേണ്ടിയാണ് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവൻ പറഞ്ഞു. ഇതുകൊണ്ടൊന്നും ബി.ജെ.പിയുടെ വിജയത്തെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മണലൂരിലെയും തൃശൂരിലെയും തോൽവി മുൻകൂട്ടി കണ്ടാണ് ഇരു മുന്നണികളും അപവാദ പ്രചാരണം നടത്തുന്നതെന്നും ദേവൻ കൂട്ടിച്ചേർത്തു.

പൊലീസ് തന്നെ പറയുന്നു തെളിവുകൾ ഒന്നും ഇല്ലെന്ന്. എന്നിട്ടും വി.എസ്. സുനിൽകുമാറും ടി എൻ പ്രതാപനും നാടകം കളിക്കുകയാണെന്നും ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി അറിയിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.