തൃശൂർ: വെങ്ങിണിശേരിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നാലുപേർ കുട്ടികൾക്ക് ഇടിമിന്നലേറ്റ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. പാടത്ത് തുറസായ സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്. ഒരാൾ ബോധംകെട്ട് പാടത്ത് തന്നെ വീണപ്പോൾ മറ്റുള്ളവർ പൊള്ളലേറ്റ് പാടത്ത് ഇരിക്കുകയായിരുന്നു. രക്ഷപ്പെട്ട മറ്റു കുട്ടികൾ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചത്. വെങ്ങിണിശേരി സ്വദേശികളായ നാരായണക്കാട്ടിൽ സുധാകരന്റെ മകൻ ജിഷ്ണു(15), സഹോദരൻ സദു(12), കരേക്കാട്ടിൽ ജിതിഷിന്റെ ശിവകൃഷ്ണ(14), കരിയിൽ വീട്ടിൽ ബിജേഷിന്റെ മകൾ അക്ഷര(13) എന്നിവർക്കാണ് പൊള്ളലേറ്റത്. പഞ്ചായത്ത് മെംബർ കെ.രാധകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അക്ഷര ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂളിലെയും ശിവകൃഷ്ണ, ജിഷ്ണു, ജിത്തു എന്നിവർ അമ്മാടം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുമാണ്.
പ്രദേശത്തെ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ മിന്നലിൽ നശിച്ചിട്ടുണ്ട്. പാറളം പഞ്ചായത്ത് പ്രസിഡന്റ് അനിത പ്രസന്നൻ, വൈസ് പ്രസിഡന്റ് മനോജ് അയ്യപ്പത്ത്, വില്ലേജ് ഓഫീസർ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. ജില്ലയിൽ ഇന്നലെ വൈകിട്ട് മുതൽ ശക്തമായ ഇടിവെട്ടും മിന്നലും ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ മഴയും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |