SignIn
Kerala Kaumudi Online
Sunday, 17 May 2026 5.11 AM IST

ഇന്ധനവില: 'ബ്രേക്ക്' ഇട്ട് ബസുകൾ; ഒറ്റപ്പെടുമോ മലയോരവും തുരുത്തും

തൃശൂർ: തുടർച്ചയായ ഇന്ധനവില വർദ്ധനവിനെത്തുടർന്ന് സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായി നിറുത്തിവയ്‌ക്കേണ്ടി വരുമെന്ന ഉടമകളുടെ നിലപാടിൽ തൃശൂരിലെ മലയോര, തുരുത്ത് നിവാസികൾ ആശങ്കയിൽ.
സർവീസുകൾ നിലച്ചാൽ പീച്ചി, വെറ്റിലപ്പാറ തുടങ്ങിയ മേഖലകളിലെ സാധാരണക്കാരായ യാത്രക്കാർ പെരുവഴിയിലാകും.

ജില്ലയിൽ നിലവിൽ 1300 ഓളം സ്വകാര്യ ബസുകളാണുള്ളത്. കൊവിഡിന് മുൻപ് 1700 ഓളം ബസുകൾ ഉണ്ടായിരുന്നു. കൊവിഡിന് ശേഷം യാത്രക്കാർ കുറഞ്ഞതോടെ കുറെയേറെ ബസുകൾ സർവീസ് നിറുത്തി. ഒരു ബസ് സർവീസ് നടത്തിയാലുള്ള വരുമാനത്തിന്റെ 65- 70 ശതമാനവും ഇന്ധനത്തിനായാണ് ചെലവഴിക്കുന്നത്. 20-22 ശതമാനത്തോളം തൊഴിലാളികളുടെ വേതനത്തിന് നീക്കി വയ്ക്കണം. എട്ടുശതമാനത്തോളം മാത്രമാണ് ബസുടമയ്ക്ക് ലഭിക്കുന്നതത്രെ. വൻ മുതൽ മുടക്കുള്ള വ്യവസായം ലാഭകരമല്ലാത്തതിനാലാണ് പലരും അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നതെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ പറയുന്നു. സ്വകാര്യ ബസ് വ്യവസായം നിലനിറുത്താൻ ഇന്ധന സബ്‌സിഡി നൽകണമെന്നും സ്റ്റേജ് ഗാരേജ് ടാക്‌സ് ഒഴിവാക്കണമെന്നുമാണ് ആവശ്യം.
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് സാധാരണ നിരക്കിന്റെ പകുതിയാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ:

  • അടിയന്തരമായി ഇന്ധന സബ്‌സിഡി നൽകുക.
  • സ്റ്റേജ് ഗാരേജ് ടാക്‌സ് പൂർണ്ണമായും ഒഴിവാക്കുക.
  • വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് സാധാരണ നിരക്കിന്റെ പകുതിയായി വർദ്ധിപ്പിക്കുക

യാത്ര സൗജന്യമായാൽ

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമായാൽ വ്യവസായത്തിന് അവസാന ആണിയാകുമെന്ന് ബസുടമാ സംഘടനകൾ. കൊവിഡ് കാലത്തിന് ശേഷം പുരുഷ യാത്രക്കാർ ബൈക്കുകളിലാണ് കൂടുതൽ യാത്ര ചെയ്യുന്നത്. വനിതകളാണ് കൂടുതലും ബസുകളെ ആശ്രയിക്കുന്നത്. പുതിയ പ്രഖ്യാപനം നടപ്പായാൽ സ്ത്രീകൾ കുറയും. ഇവരോടൊപ്പം യാത്ര ചെയ്യുന്നവരും കെ.എസ്.ആർ.ടി.സിയിൽ കയറിയാൽ വ്യവസായം പ്രതിസന്ധിയിലാകും. വ്യവസായം നിന്നുപോകുന്നതോടെ അയ്യായിരത്തോളം തൊഴിലാളികളും പട്ടിണിയിലാകും.


കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യയാത്ര നടപ്പാക്കുന്നതിന് മുൻപ് ആഘാതപഠനം കൂടി സർക്കാർ നടപ്പാക്കണം. ബസ് വ്യവസായം നിലനിറുത്താനുള്ള സാഹചര്യം സൃഷ്ടിക്കണം.

എം.എസ്. പ്രേംകുമാർ, പ്രസിഡന്റ്, ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL