
തൃശൂർ: സിൽവർലൈൻ പദ്ധതിക്ക് ചുവപ്പുകൊടി കാട്ടിയതോടെ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസത്തിൽ. അന്നമനട മുതൽ കുന്നംകുളം വരെ കെ-റെയിൽ പാതയ്ക്കായി മഞ്ഞക്കുറ്റികൾ സ്ഥാപിച്ചും വഴികൾ അടയാളപ്പെടുത്തിയും നടത്തിയ നടപടികൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. എൽ.ഡി.എഫ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചതു മുതൽ റെയിൽവേ ലൈനിന് സമീപത്തെ വീട്ടുകാർക്ക് ഭൂമി വിൽക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു.
പദ്ധതി റദ്ദാക്കിയതായി ഇന്നലത്തെ അറിയിപ്പ് വന്നതോടെ അതിർത്തികളിൽ സ്ഥാപിച്ച കുറ്റികൾ പറിച്ചുനീക്കാൻ റവന്യു വകുപ്പ് അധികൃതരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബങ്ങൾ.
പദ്ധതി പ്രകാരം തിരുവനന്തപുരത്തുനിന്ന് 259 കിലോമീറ്റർ അകലെയുള്ള തൃശൂരിലെത്താൻ 1.54 മണിക്കൂർ മതിയെന്നായിരുന്നു കണക്ക്. പരമാവധി 200 കിലോമീറ്റർ വേഗം ആർജ്ജിക്കാൻ ശേഷിയുള്ള ട്രെയിനിന് തൃശൂരിൽനിന്ന് 273 കിലോമീറ്റർ സഞ്ചരിച്ച് കാസർകോട്ടെത്താൻ 1.57 മണിക്കൂർ മതിയാകുമായിരുന്നു. എന്നാൽ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ഇപ്പോൾ ആശ്വാസമായത്.
ജില്ലയിലെ വഴി
ജില്ലാ അതിർത്തിയിലേക്ക് പ്രവേശിക്കുമ്പോൾ നിലവിലെ റെയിൽപാത വിട്ട് അന്നമനടയ്ക്കു സമീപം കൊമ്പിടി വഴിയാണ് സിൽവർലൈനിന്റെ പാത. കൊമ്പൊടിഞ്ഞാമാക്കൽ വഴി കല്ലേറ്റുംകര എത്തുമ്പോൾ വീണ്ടും റെയിൽവേപാതയോടടുക്കും. എന്നാൽ, സിൽവർലൈൻ തൃശൂരിലെത്തുന്നത് ഊരകം വഴിയാണ്. റെയിൽപ്പാത പുതുക്കാട് വഴിയും. തൃശൂർ റെയിൽവേ സ്റ്റേഷനിൽ തന്നെയാണ് സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. പൂങ്കുന്നത്തു നിന്ന് റെയിൽവേപാത വടക്കഞ്ചേരി വഴി ഷൊർണൂർ ദിശയിലേക്കു തിരിയുമ്പോൾ സിൽവർലൈൻ വിയ്യൂർ വഴി അഞ്ഞൂർ, കുന്നംകുളം, ചങ്ങരംകുളം, എടപ്പാൾ ദിശയിലേക്ക് നീങ്ങുന്ന തരത്തിലായിരുന്നു തയ്യാറാക്കിയിരുന്നത്.
കടവല്ലൂരിലെ കുറ്റികൾക്ക് നാലു വയസ്
പദ്ധതിക്കായി കടവല്ലൂർ പഞ്ചായത്ത് മൈതാനത്തെത്തിച്ച കെ-റെയിൽ കുറ്റികൾ നാല് വർഷമായിട്ടും നീക്കം ചെയ്തില്ല. നൂറുകണക്കിന് കുറ്റികളാണ് മൈതാനത്തിന്റെ കിഴക്കേ മൂലയിൽ ഉപേക്ഷിച്ചിട്ടിരിക്കുന്നത്. ഇതുമൂലം പഞ്ചായത്തിലെ പ്രധാന കളിസ്ഥലത്തിന്റെ ഒരുഭാഗം പൂർണമായും ഉപയോഗശൂന്യമായി. കുറ്റികൾ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടന്നെങ്കിലും നടപടിയായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |