
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ താത്കാലിക അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ തർക്കവും വാക്കേറ്റവും. സർക്കാർ മാറുന്നതിനനുസരിച്ച് കലാമണ്ഡത്തിന്റെ പ്രവർത്തനശൈലിയും മാറുന്ന രീതി എല്ലാകാലങ്ങളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ പുതിയ സർക്കാർ വന്നിട്ടും കലാമണ്ഡത്തിന്റെ ഭരണസമിതി മാറാത്തതിലുള്ള പ്രതിഷേധമാണ് ഏതാനും ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. കലാമണ്ഡലം ഭരണസമിതിയുടെ തീരുമാനങ്ങളെ അടിമുടി എതിർക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷക്കാലം കലാമണ്ഡലത്തിൽ താത്കാലികമായി നിയമിച്ചതെല്ലാം ഇടതുപക്ഷ അനുകൂല സംഘടനയുടെ ആളുകളാണെന്നും ഭരണം മാറിയതോടെ അത്തരം ആളുകളെ ഇനി നിയമിക്കാൻ കഴിയില്ലെന്ന താക്കീതുമായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ സർക്കാർ വന്നതിന് പിന്നാലെ പഴയ ഭരണസമിതി താത്കാലിക ജീവനക്കാരുടെ നിയമനം മാർച്ച് മാസത്തിൽ നടത്തിയിരുന്നു. പിന്നീട് താത്കാലിക അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്താൻ മുതിർന്നതോടെയാണ് കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഹോസ്റ്റൽ വാർഡൻ ഇന്റർവ്യൂ നടത്തുവാൻ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും, കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം അദ്ധ്യാപകരെ നിയമിക്കുന്നതിന് വേണ്ടി വ്യാഴാഴ്ച ഇന്റർവ്യൂ നടത്തുവാൻ തീരുമാനിക്കുകയും ഇത് തടയാൻ കഴിഞ്ഞ ദിവസം കോൺഗ്രസ് സംഘം വൈസ്‌ചാൻസലറുമായി ചർച്ച നടത്തുകയും ഇന്റർവ്യൂ തടയുമെന്നും പറഞ്ഞിരുന്നു.വ്യാഴാഴ്ച രാവിലെ 9ന് കോൺഗ്രസ് പ്രവർത്തകർ ആദ്യം കലാമണ്ഡലം ഓഫീസ് ഉപരോധിക്കുകയും ഇന്റർവ്യൂ നടക്കുന്ന കൂത്തമ്പലത്തിന് മുൻവശം തമ്പടിക്കുകയും അഭിമുഖത്തിനായി വന്നവരെ തിരിച്ചയക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സംഘടിച്ച് കോൺഗ്രസിന് നേരെ, അദ്ധ്യാപകരെ ആവശ്യമാണെന്നും ഇന്റർവ്യൂ നടക്കണമെന്നും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി കൂത്തമ്പലത്തിനു മുൻപിലെത്തി. കുന്നംകുളം എ.സി.പി മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇരുകൂട്ടരെയും തടയുകയും വിദ്യാർത്ഥികളും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ കൂത്തമ്പലത്തിലെ പുറകിലെ അണിയറയിൽ കഥകളി സംഗീതം വിഭാഗത്തിലെ അഭിമുഖം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോണി മണിച്ചിറ,കെ.നാരായണൻകുട്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഐ.ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളം പ്രവർത്തകർക്കെതിരെ കേസെടുത്തു. വിദ്യാർത്ഥി നേതാക്കളായ ശ്രീലക്ഷ്മി,അതുൽ,അനന്തകൃഷ്ണൻ,നിരഞ്ജന,കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |