
മൂന്ന് ദിവസത്തിനിടെ ഒരു ആത്മഹത്യയും രണ്ട് ശ്രമങ്ങളും
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യാശ്രമങ്ങളും മോഷണങ്ങളും വർദ്ധിക്കുന്നത് യാത്രക്കാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ചൊവ്വാഴ്ച രാവിലെ 6.10ന് ഐലൻഡ് എക്സ്പ്രസിന് മുൻപിൽ ചാടി ഛത്തീസ്ഗഡ് സ്വദേശി സുബേന്ദ്ര റാം നായിക് (41) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച രാത്രി 7.30ന് നിറുത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി വൈദ്യുതി ലൈനിൽ പിടിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാവിലെ 9ന് കണ്ണൂർ - ആലപ്പി എക്സ്പ്രസിന് മുൻപിൽ തല വച്ച് വൃദ്ധൻ ആത്മഹത്യ ചെയ്തു. സംസ്ഥാനത്തെ തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ തൃശൂർ ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറികൊണ്ടിരിക്കുകയാണ്. ജനുവരിയിൽ ഗുരുവായൂർ പാസഞ്ചറിന് മുകളിൽ കയറി ജാർഖണ്ഡ് സ്വദേശിയായ യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മോഷണവും അലഞ്ഞുതിരിയുന്നവരുടെ ശല്യവും യാത്രക്കാരുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്.
പേരിന് പോലും സുരക്ഷയില്ല
പ്രധാന കവാടം, പടിഞ്ഞാറെ കവാടം എന്നിവയ്ക്ക് പുറമേ കൊക്കാലെ ഗേറ്റ്, വഞ്ചിക്കുളം ഓവർബ്രിഡ്ജ്, പാർസൽ ഓഫീസ്, ദിവാൻജി മൂല റെയിൽവേ കോളനി ഇടറോഡ് തുടങ്ങി നിരവധി വഴികളിലൂടെ ആർക്കും സ്റ്റേഷനിലേക്ക് പ്രവേശിക്കാം. സ്റ്റേഷൻ പുനർനിർമ്മാണത്തിനായി പലയിടങ്ങളും പൊളിച്ചിട്ടത് സാമൂഹിക വിരുദ്ധർക്ക് വിഹാരകേന്ദ്രമായി.
ക്യാമറയുണ്ട്, പക്ഷെ...
സ്റ്റേഷനിൽ 18 ക്യാമറകളുണ്ടെങ്കിലും പ്രധാനയിടങ്ങളിൽ ഇവ സ്ഥാപിച്ചിട്ടില്ല. മോഷണം പതിവായ വിശ്രമമുറികൾക്ക് സമീപം ക്യാമറകളില്ലാത്തത് കുറ്റവാളികൾക്ക് സഹായകരമാകുന്നു. തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ മാസങ്ങളായി എസ്.എച്ച്.ഒ പദവി ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ ഷൊർണൂർ എസ്.എച്ച്.ഒയ്ക്കാണ് തൃശൂരിന്റെ അധിക ചുമതല. 37 പൊലീസുകാർ വേണ്ടയിടത്ത് 8 പേരുടെ കുറവുണ്ടെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |