SignIn
Kerala Kaumudi Online
Saturday, 01 August 2026 3.57 AM IST

അവശ്യ സാധനങ്ങൾ ഇനി കൂടുതൽ ചെലവേറും, പിടിവിട്ട് വിലക്കയറ്റം

തൃശൂർ: സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തകിടം മറിച്ച് അവശ്യസാധന വില കുതിച്ചുയരുന്നു. പലവ്യഞ്ജനം, മുട്ട, പാൽ, പഴ വർഗ്ഗങ്ങൾ,പച്ചക്കറി തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്കും അസാമാന്യ വിലയാണിപ്പോൾ.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്തിലേറെ തവണയാണ് അവശ്യ സാധന വില ഉയർന്നത്. 2024 ഡിസംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റത്തോതാണ് ഇപ്പോഴത്തേത്. ഗ്രാമീണ ജനതയാണ് നിത്യജീവിതച്ചെലവുകൾ നേരിടാനാവാതെ കൂടുതൽ പ്രയാസപ്പെടുന്നത്.
പാചകവാതക സിലിൻഡറിന് ഇപ്പോഴത്തെ വില 950 രൂപയാണ്. വീട്ടിലെത്തുമ്പോൾ ആയിരം കടക്കും. പലവ്യഞ്ജനങ്ങളിൽ നിത്യേന ആവശ്യമുള്ള അരി, വിവിധയിനം പരിപ്പുകൾ, ഭക്ഷ്യഎണ്ണ, പൊടികൾ, വറവു സാധനങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കും വിലകൂടി.
പച്ചക്കറികളിൽ തക്കാളി, ബീൻസ്, സവാള, ഉരുളക്കിഴങ്ങ്, ഇഞ്ചി, പച്ചമുളക് തുടങ്ങിയവയുടെയൊക്കെ വിലയിൽ വർധനയുണ്ട്.


പിടിവിട്ട് മുട്ടയും മീനും പാലും

പാലും മീനും മുട്ടയും ഇറച്ചിയുമെല്ലാം കുതിച്ചുയർന്നു. ഇറച്ചികളിൽ കോഴി, ബീഫ്, പന്നി എന്നിവയ്‌ക്കെല്ലാം വിലകൂടി. അഞ്ചുരൂപയുണ്ടായിരുന്ന മുട്ടയുടെ ചില്ലറ വിൽപ്പന വില കുറച്ചുനാളായി ഏഴു രൂപ ആയിരുന്നു. ഇത് ഇപ്പോൾ 8-9ലേക്കെത്തി. കോഴിത്തീറ്റ വില കൂടിയതാണ് മുട്ടവില കൂടാനുള്ള പ്രധാന കാരണം. ഒരു മാസത്തിനിടെ മാത്രം ഒരു ചാക്ക് തീറ്റയ്ക്ക് 450 മുതൽ 600 രൂപ വരെ വില കൂടിയത് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തേക്ക് പ്രധാനമായും മുട്ടയെത്തുന്നത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ്.തമിഴ്‌നാട് സർക്കാരിന്റെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി നാമക്കലിൽ നിന്ന് വൻതോതിൽ മുട്ടകൾ സംഭരിക്കുന്നുണ്ട്.


എന്തുകൊണ്ട് ?

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധനവിലയിലുണ്ടായ വർധന വിലക്കയറ്റത്തോത് കൂടാൻ കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ ഇവിടേക്ക് എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവ് ഉയർന്ന നിലയിൽ തുടരുന്നത് വിലവർദ്ധനവിന്റെ ആക്കം കൂട്ടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL