SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

എം.പി.പരമേശ്വരന് വിട ചൊല്ലി സാംസ്കാരിക നഗരി

d

തൃശൂർ: ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, ഊർജം തുടങ്ങി എല്ലാ മേഖലകളിലും വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുകളുള്ള വ്യക്തിത്വമായിരുന്നു ഡോ.എം.പി.പരമേശ്വരനെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഇന്നലെ വൈകിട്ട് തൃശൂർ വിവേകോദയം സ്‌കൂളിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് തോമസ് കോളേജിൽ ചേരുന്ന കാലത്ത് ഭയത്തോടെയും ബഹുമാനത്തോടെയും നോക്കിക്കണ്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് അടുത്തറിഞ്ഞപ്പോഴാണ് രസകരമായ വ്യക്തിത്വവും ലാളിത്യവും മനസിലാക്കാനായത്. ഒരു ശാസ്ത്രജ്ഞന് എത്രത്തോളം ലളിതമായി ജീവിക്കാൻ സാധിക്കുമോ, അത്രത്തോളം ലളിതമായ ജീവിതമാണ് എം.പി. പരമേശ്വരൻ നയിച്ചതെന്നും സി. രവീന്ദ്രനാഥ് അനുസ്മരിച്ചു.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.സി.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. എം.പി. പരമേശ്വരനുമായുള്ള ആഴത്തിലുള്ള ബന്ധത്തെയും അദ്ദേഹത്തിന്റെ ചിന്താദീപകമായ ചോദ്യങ്ങളെയും യോഗത്തിൽ പങ്കെടുത്തവർ സ്മരിച്ചു. സാക്ഷരതാ പ്രസ്ഥാനം, സ്വാശ്രയ സമിതികളുടെ രൂപീകരണം, ജനകീയ ആസൂത്രണം എന്നീ മൂന്ന് പ്രധാന രംഗങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഇടപെടലുകളെന്നും അധികാരം വികേന്ദ്രീകരിച്ചാൽ മാത്രമേ ഗ്രാമങ്ങളും ഗ്രാമീണരും രക്ഷപ്പെടൂവെന്ന അടിസ്ഥാന ആശയത്തിൽ നിന്നാണ് കേരളത്തിൽ ജനകീയ ആസൂത്രണ പ്രസ്ഥാനത്തിന് ബീജവാപം ചെയ്തതെന്നും കാവുമ്പായി ബാലകൃഷ്ണൻ വിശദീകരിച്ചു. കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിനെ ജനകീയമാക്കുന്നതിൽ എം.പി.പരമേശ്വരൻ വഹിച്ച പങ്ക് അവിസ്മരണീയമാണെന്ന് മുൻ മന്ത്രി ഡോ.ആർ.ബിന്ദു അനുസ്മരിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറി വി. മനോജ് കുമാർ, ജില്ലാ പ്രസിഡന്റ് ഡോ.സി.എൽ.ജോഷി, ജില്ലാ സെക്രട്ടറി കെ.കെ.കസീമ തുടങ്ങിയവരും സംബന്ധിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരും സദസിൽ പങ്കെടുത്തു.

കോട്ടപ്പുറത്തെ വീട്ടിൽ എം.പി.പരമേശ്വരന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചപ്പോൾ മുൻ മന്ത്രി എസ്.ശർമ്മ, പി.കെ.ബിജു, കെ.പാപ്പുട്ടി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL