SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

അച്ചാറും പലഹാരവും മുതൽ നെറ്റിപ്പട്ടം വരെ; 'കൂടെ'യിൽ മനംകവർന്ന് കരവിരുത്

jilla
ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങളുടെ പ്രദർശന-വിപണന മേളയിൽ ജില്ലാ കളക്ടർ ഉത്പ്പന്നങ്ങൾ വാങ്ങുന്നു

തൃശൂർ: പാഴ്‌വസ്തുക്കൾക്ക് പുതുജീവൻ നൽകി കരകൗശല വസ്തുക്കൾ, രുചിയൂറും അച്ചാറുകളും പലഹാരങ്ങളും, പേപ്പർ ബാഗുകളും തുണിസഞ്ചികളും, പെൻസ്റ്റാൻഡുകളും ഇൻഡോർ ചെടികളും... ഒപ്പം തോട്ടത്തിൽനിന്ന് നേരിട്ടെത്തുന്ന കാപ്പിപ്പൊടിയും തേയിലയും വരെ. പത്ത് രൂപയുടെ നെല്ലിക്ക മുതൽ തൃശൂരിന്റെ തലയെടുപ്പായ നെറ്റിപ്പട്ടം വരെ. വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളുമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഒരുക്കിയ 'കൂടെ' വിപണന പ്രദർശന മേള കൗതുകക്കാഴ്ചയാകുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അനക്‌സ് ഹാളിലാണ് മേള. മരിയ ഭവൻ, സൈറീൻ, മഡോണ, ഇൻസൈറ്റ്, സെന്റ് ജോസഫ് ചേറൂർ, ഓട്ടിസം ചൈൽഡ് വെൽഫെയർ സെന്റർ പെരിങ്ങാവ് തുടങ്ങിയ 12 സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി 22 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഹരിത.വി.കുമാർ ജില്ലാ കളക്ടറായിരിക്കെയാണ് തുടക്കം കുറിച്ച ' സസ്‌നേഹം കൂടെ' യുടെ ആറാമത് എഡിഷനാണ് നടക്കുന്നത്.

മേളയ്ക്ക് ഇന്ന് സമാപനം

അനെക്‌സ് ഹാളിൽ ആരംഭിച്ച പ്രദർശന വിപണന മേള ഇന്ന് സമാപിക്കും. ഇന്നലെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ എ.എസ്. പ്രീതി, എ.ഡി.എം എം. സന്ദീപ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, വിദ്യാഭ്യാസ വകുപ്പ് (ഡി.ഡി.ഇ.) പ്രതിനിധി ടി. ഷൈല തുടങ്ങിയവരും പങ്കെടുത്തു. രണ്ട് ദിവസത്തെ മേളയാണ് ഇന്ന് അവസാനിക്കുന്നത്. ലീഡ് ബാങ്ക്, മേരി ക്യൂറി എൻട്രൻസ് അക്കാഡമി എന്നിവരുടെ സ്‌പോൺസർഷിപ്പോടെയും വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് പരിപാടി.

ഭിന്നശേഷിവിഭാഗക്കാരിൽ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ ഉത്പന്നങ്ങൾക്ക് നല്ലൊരു വിപണിയും സ്വയംപര്യാപ്തതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
( ശിഖ സുരേന്ദ്രൻ, കളക്ടർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL