SignIn
Kerala Kaumudi Online
Thursday, 03 September 2026 3.30 AM IST

വെളിച്ചമില്ലാതെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ഇരുട്ടിൽ തപ്പി യാത്ര

photo

തൃശൂർ: ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് മുന്നിൽ കൂരിരുട്ട്. പെട്രോൾ പമ്പിലെ വെളിച്ചം മാത്രം വഴികാട്ടി. പോകേണ്ട ബസ് ഏതെന്ന് പോലും തിരിച്ചറിയാനാകാത്ത സ്ഥിതി. രാത്രിയായാൽ ആയിരക്കണക്കിനാളുകൾ ദിവസേനയെത്തുന്ന തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തുന്നവരുടെ അവസ്ഥയാണിത്. സ്റ്റാൻഡ് പുനർനിർമാണത്തിന്റെ ഭാഗമായി കടകളും കെട്ടിടങ്ങളും പൊളിച്ചതോടെ ഇവിടെയും വെളിച്ചമില്ലാതായി. സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് നാളുകളായി. മഴ പെയ്താൽ ചെളിക്കുളമാകുന്ന സ്റ്റാൻഡിൽ വെളിച്ചം കൂടി ഇല്ലാതായതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ഒരേസമയം നിരവധി ബസുകൾ പാർക്ക് ചെയ്യുന്ന ഇവിടെ, യാത്രക്കാർക്ക് ബസുകളുടെ സ്ഥലപേരുള്ള ബോർഡുകൾ പോലും വ്യക്തമല്ല. സർക്കാരിന്റെ ഭരണാനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ തറക്കല്ലിട്ട ഡിപ്പോയുടെ നവീകരണം അനിശ്ചിതത്വത്തിൽ തുടരുകയാണ്. നിലവിലെ പ്ലാൻ മാറ്റി പുതിയ പ്ലാൻ തയ്യാറാക്കണം. മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഡിപ്പോ നവീകരണം പ്രഖ്യാപിച്ചത്. എന്നാൽ, ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പഴയ കെട്ടിടം പൊളിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. നവകേരള സദസിലൂടെ അനുവദിച്ച ഏഴ് കോടിയും എം.എൽ.എ ഫണ്ടിൽ നിന്നുള്ള മൂന്ന് കോടിയും ഉപയോഗിച്ച് ആധുനിക രീതിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു പൊളിക്കൽ നടപടികളെന്ന വിമർശനവും ശക്തമാണ്. കെ.എസ്.ആർ.ടി.സിക്ക് വരുമാനം ലഭിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സുകൾ പോലും ഉൾപ്പെടുത്താതെയാണ് 3.21 ഏക്കർ സ്ഥലത്ത് പുതിയ പദ്ധതി തയ്യാറാക്കിയതെന്നും ആരോപണമുണ്ട്.


തെരുവുനായ ശല്യവും രൂക്ഷം

സ്റ്റാൻഡിൽ തെരുവുനായ ശല്യവും രൂക്ഷമാകുന്നു. രാത്രിയും പകലും പ്രദേശം തെരുവുനായ്ക്കൾ കീഴടക്കിയിരിക്കുകയാണ്. പെട്ടെന്ന് കുരച്ചും പിന്നാലെ ഓടിയും ഭീതിയുണ്ടാക്കുന്നതും പതിവാണ്. പലരെയും കടിക്കാൻ പിന്നാലെ ഓടിക്കുന്നതും സ്ഥിരം കാഴ്ചയാണ്. ബസുകൾ കാത്തുനിൽക്കുന്ന സ്ഥലങ്ങളിലും പാർക്കിംഗ് മേഖലയിലും ഭക്ഷണാവശിഷ്ടങ്ങൾ തേടിയാണ് ഇവ കൂട്ടത്തോടെ എത്തുന്നത്.

സാമൂഹികവിരുദ്ധരുടെ താവളം

വെളിച്ചമില്ലാത്തതോടെ കെ.എസ്.ആർ.ടി.സി പരിസരം സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. രാത്രിയായാൽ മദ്യപിച്ചെത്തുന്നവർ തമ്മിലുള്ള സംഘർഷവും ബഹളവും പതിവാണെന്ന പരാതിയുമുണ്ട്. ഭിക്ഷാടകരുടെ ശല്യവുമുണ്ട്. അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള ലൈറ്റുകൾ സ്ഥാപിച്ച് സ്റ്റാൻഡിൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


'ഡ്യൂട്ടി കഴിഞ്ഞ് സ്ഥിരമായി രാത്രിയിൽ യാത്ര ചെയ്യുന്ന ആളാണ് ഞാൻ. വെളിച്ചക്കുറവ് മൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പലപ്പോഴും തെരുവുനായ്ക്കൾ കടിക്കാനായി പിന്നാലെ വരുന്നതും പതിവാണ്. എത്രയും വേഗം ഇതിന് പരിഹാരം കാണണം.'

സുദർശൻ

എടത്തിരുത്തി


കഴിഞ്ഞ ദിവസം പട്ടാമ്പിയിലേക്കുള്ള യാത്രാമധ്യേ സ്റ്റാൻഡിലെത്തിയിരുന്നു. ഇരുട്ടിൽ തപ്പിത്തടഞ്ഞാണ് ബസിൽ കയറിയത്. സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.
സുസ്മി
പട്ടാമ്പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL