
കോട്ടയം: സീസൺ അവസാനിച്ചതോടെ റബർ വിലയിൽ നേരിയ മുന്നേറ്റമുണ്ടായി. ഏറെ നാളുകൾക്ക് ശേഷം ആഭ്യന്തര വില ഒരു രൂപ കൂടിയെങ്കിലും ആഭ്യന്തര, അന്താരാഷ്ട്ര വിലകളിലെ അന്തരം 26 രൂപയ്ക്കടുത്താണ്. ആർ.എസ്.എസ് നാലാം ഗ്രേഡ് വ്യാപാരി വില 184 രൂപയിലും അന്താരാഷ്ട്ര വില 210 രൂപയിലുമാണ്.
വേനൽ ശക്തമായി റബർ മരങ്ങൾ ഇലപൊഴിച്ചു തുടങ്ങിയതോടെ മൂന്നുമാസത്തേക്ക് വൻകിടതോട്ടങ്ങളിൽ ടാപ്പിംഗുണ്ടാകില്ല. ഏഷ്യയിലെ റബർ ഉത്പാദന രാജ്യങ്ങളും ഓഫ് സീസണിലേക്ക് നീങ്ങിയതിനാൽ വില മുകളിലേക്ക് നീങ്ങിയേക്കും. ഉത്തരേന്ത്യൻ വ്യവസായികൾ ഓഫ് സീസണിന് മുന്നോടിയായി പരമാവധി ചരക്ക് സംഭരിക്കുകയാണ്.
റബർ കർഷക സംഘങ്ങൾ 200 രൂപയിൽ താഴെ വിൽപ്പനയ്‌ക്കില്ലെന്ന് ഉറച്ച നിലപാടെടുത്തിട്ടും ടയർ ലോബി വിപണിയിൽ നിന്ന് വിട്ടുനിന്നതാണ് തിരിച്ചടി സൃഷ്‌ടിച്ചത്.
വിദേശ ഉത്പന്ന വരവിൽ അടിതെറ്റി കുരുമുളക്
ഇറക്കുമതി കുരുമുളകിനൊപ്പം ആഭ്യന്തര ചരക്കിന്റെ വരവും കൂടിയായതോടെ കറുത്ത പൊന്നിന് വില കിലോയ്‌ക്ക് ഏഴു രൂപ കുറഞ്ഞു. കേരളം തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലെ വിപണികളിൽ വിദേശ കുരുമുളക് എത്തിയതും വിലയിടിവിന് കാരണമായി.
കാലാവസ്ഥാ വ്യതിയാനം അന്താരാഷ്ട്ര തലത്തിലും ഉത്പാദന ഇടിവുണ്ടാക്കുമെന്ന പ്രചാരണം ശക്തമാണ്. ഇതോടെ വില കൂടുമെന്ന പ്രതീക്ഷയിൽ ഇറക്കുമതിക്കാരും വൻകിട കച്ചവടക്കാരും ഇടനിലക്കാരും മുളകിന്റെ ശേഖരം കൂട്ടുകയാണ്. മൂല്യവർദ്ധനയ്ക്കായി ഇറക്കുമതി നടത്തുന്ന മുളക് കയറ്റുമതി ചെയ്യുന്നതിനുള്ള കാലാവധി ഒരു വർഷത്തിൽ നിന്ന് ആറു മാസമായി കേന്ദ്രസർക്കാർ കുറച്ചേക്കുമെന്നും വാർത്തകളുണ്ട്. ഇത് കർഷകർക്ക് ഗുണം ചെയ്തേക്കും.
കയറ്റുമതി നിരക്ക് ടണ്ണിന്
ഇന്ത്യ- 7900 ഡോളർ
ശ്രീലങ്ക 7300 ഡോളർ
വിയറ്റ്നാം 7455 ഡോളർ
ഇന്തോനേഷ്യ 7000 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |