രാജ്യങ്ങളുടെ അതിർത്തി സുരക്ഷയെന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് അത്യാധുനിക ക്യാമറകളും സെൻസറുകളും അലാറം സംവിധാനങ്ങളുമൊക്കെയായിരിക്കും. നിമിഷങ്ങൾക്കുള്ളിൽ ഒരു ചെറിയ ചലനം പോലും കണ്ടെത്താൻ കഴിയുന്ന സാങ്കേതികവിദ്യകളാണ് ഇന്ന് അതിർത്തി കാവലിൽ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ അതിർത്തിയിലും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് എത്രപേർക്ക് അറിയാം?
വളരെ ലളിതമായ രീതിയിൽപ്പോലും അതിർത്തിയിൽ സംരക്ഷണം ഒരുക്കാറുണ്ട്. അതിൽ ഒന്നാണ് മുള്ളുകമ്പി വേലിയിൽ ഒഴിഞ്ഞ ഗ്ലാസ് കുപ്പികൾ തൂക്കിയിടുന്നത്. കേൾക്കുമ്പോൾ നിസാരമായി തോന്നമെങ്കിലും സംഭവം സത്യമാണ്. എങ്ങനെയാണ് ഈ ലളിതമായ രീതി നമ്മെ സഹായിക്കുന്നതെന്ന് നോക്കിയാലോ?
ഒറ്റനോട്ടത്തിൽ ഇത് വെറുംഗ്ലാസ് കുപ്പികൾ മാത്രമാണ്. എന്നാൽ വേലിക്ക് സമീപം ആരെങ്കിലും എത്തുകയോ വേലിയിൽ പിടിക്കുകയോ ചെയ്താൽ കുപ്പികൾ ചലിക്കുകയോ പരസ്പരം കൂട്ടിയിടിക്കുകയോ വേലിയിൽ തട്ടുകയോ ചെയ്യുന്നു. ഈ ശബ്ദം സൈനികർക്ക് ഒരു മുന്നറിയിപ്പാണ്. വേലിക്ക് സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്ക് അത് വേഗം എത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ അതിർത്തി സുരക്ഷയ്ക്ക് ഇതിനകം തന്നെ തെർമൽ ഇമേജറുകൾ ( മനുഷ്യ കണ്ണിന് അദൃശ്യമായ ഇൻഫ്രാറെഡ് വികിരണങ്ങളെ തിരിച്ചറിഞ്ഞ് അവയെ ദൃശ്യരൂപത്തിലുള്ള ചിത്രങ്ങളാക്കി മാറ്റുന്ന അത്യാധുനിക ഉപകരണങ്ങളാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അവയുടെ താപനിലയ്ക്ക് അനുസരിച്ച് ഇൻഫ്രാറെഡ് ഊർജം പുറപ്പെടുവിക്കുന്നുവെന്ന തത്വത്തിലാണ് ഇവ പ്രവർത്തിക്കുക), നൈറ്റ് വിഷൻ ഉപകരണങ്ങൾ, ഡ്രോണുകൾ, റഡാറുകൾ, സെൻസറുകൾ, അലാറം സംവിധാനങ്ങൾ തുടങ്ങിയ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഇന്ത്യയുടെ അതിർത്തി മേഖലകളിൽ വലിയൊരു ഭാഗവും വനങ്ങളും മലനിരകളും നദീതടങ്ങളും ഉൾപ്പെടെയുള്ള ദുർഘടമായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. ഇത്തരം പ്രദേശങ്ങളിൽ ക്യാമറയും സെൻസറുകളും മറ്റ് ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിച്ച് തുടർച്ചയായി പ്രവർത്തിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രതികൂല കാലാവസ്ഥയും വൈദ്യുതി ലഭ്യതക്കുറവും ഗതാഗത സൗകര്യങ്ങളും ഇവിടെ പരിമിതമായിരിക്കും. ഇത് വലിയ വെല്ലുവിളിയാണ്. ഇത്തരം സാഹചര്യങ്ങളിൽ സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം ലളിതമായ മുന്നറിയിപ്പുകൾക്കും പ്രാധാന്യം നൽകുന്നു. അതിനാലാണ് ഇവിടെ ഗ്ലാസ് കുപ്പികൾ ഈടുന്നത്
മുള്ളുകമ്പി വേലികളിൽ ഒരുമിച്ചോ രണ്ടെണ്ണം വച്ചോ ഇത്തരത്തിൽ ഗ്ലാസ് കുപ്പികൾ തൂക്കിയിടുന്നു. മുള്ളുകമ്പി വേലി മറിക്കടക്കാൻ ശ്രമിക്കുകയോ അതിൽ പിടിക്കുകയോ ചെയ്താൽ കുപ്പികൾ ചലിക്കുകയോ പരസ്പരം കൂട്ടിയിടിക്കുകയോ വേലിയിൽ തട്ടുകയോ ചെയ്യുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആ പ്രദേശത്തേക്ക് മാറ്റുന്നതിന് സഹായിക്കുന്നു. നിശബ്ദമായ പ്രദേശത്ത് കുപ്പിയുടെ ശബ്ദം വളരെ ഉച്ചത്തിലായിരിക്കും കേൾക്കുന്നത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനും കഴിയും.
വൈദ്യുതിയോ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാറ്ററിയോ നെറ്റ്‌വർക്ക് കണക്ഷനോ ആവശ്യമില്ലാത്തതിനാൽ ഏത് പ്രദേശത്തും ഈ രീതി ഉപയോഗിച്ച് അതിർത്തിയിലെ ചെറിയ ചലനം വരെ തിരിച്ചറിയാം. ഈ രീതിയ്ക്ക് ചെലവും പരിപാലനും വളരെ കുറവാണ്. അത്യാധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം ഇത്തരം ചില ലളിതമായ ആശയകങ്ങളും സൈനികർ ഉപയോഗിക്കുന്നുണ്ടെന്ന് ഓർക്കുക.
ഇത്തരത്തിലുള്ള ലളിതമായ രീതി പുതിയതല്ല. പണ്ട് മുതൽ ഗ്രാമപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും സുരക്ഷാ ഭീഷണിയുള്ള മറ്റ് ഇടങ്ങളിലും ആളുകൾ ചുറ്റുമുള്ള ചലനം മനസിലാക്കാൻ ഇത്തരം രീതികൾ സ്വീകരിച്ചിരുന്നു. പണ്ട് കൃഷിയിടങ്ങളിൽ പന്നി വരുന്നത് അറിയാൻ ഇത്തരത്തിൽ ഗ്ലാസ് കുപ്പികൾ തൂക്കിയിടാറുണ്ടായിരുന്നു.
Glass bottles hanging from barbed-wire fences may look unusual, but the simple arrangement can serve as an early warning mechanism. When the fence is disturbed, the bottles may move and strike one another, creating a sound that can alert nearby security personnel. Unlike electronic surveillance systems, this basic method does not require electricity, batteries or network connectivity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |