SignIn
Kerala Kaumudi Online
Sunday, 30 August 2026 1.35 PM IST

ബംഗാളികളെ കണികാണാനില്ലാത്ത അവസ്ഥയിലേക്ക് കേരളം ഉടനെത്തും, കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി

migrant-workers
അന്യസംസ്ഥാന തൊഴിലാളികൾ

തിരുവനന്തപുരം: ബംഗാളികളെ കണികാണാനില്ലാത്ത അവസ്ഥയിലേക്ക് കേരളം ഉടനെത്തിയേക്കും. ബംഗാളികൾ കേരളം ഉൾപ്പെടെയുള്ള മറ്റുസംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടി പോകുന്നത് തടയാൻ സുവേന്ദു അധികാരി സർക്കാർ പുത്തൻ നടപടികൾക്ക് തുടക്കമിട്ടതോടെയാണ് ഭായിമാർ കേരളം വിട്ടേയ്ക്കുമെന്ന ആശങ്ക കനക്കുന്നത്.ബംഗാളിൽ തൊഴിൽ രംഗത്ത് നിലവിലുള്ള പ്രശ്നങ്ങൾ പാടേ പരിഹരിക്കുമെന്ന് അധികാരമേറ്റ ഉടൻ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. വലിയ തൊഴിൽ അവസരങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന ബംഗാൾ സ്വദേശികളോട് നാട്ടിലേക്ക് തിരിച്ചുവരാനും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഭായിമാർ പോയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി കേരളത്തിൽ സൃഷ്ടിച്ച ആഘാതം അത്രപെട്ടെന്ന് ആർക്കും മറക്കാൻ പറ്റില്ലല്ലോ?.

പശ്ചിമ ബംഗാളിലുടനീളം 22 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികൾ ഉണ്ടെന്നാണ് സംസ്ഥാനസർക്കാരിന്റെ കണക്ക്. ഇവരുടെ കുടുംബങ്ങളെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിൽ പ്രായപൂർത്തിയായ എല്ലാവർക്കും മികച്ച വേതനം ലഭ്യമാക്കുന്ന ജോലി നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

നിലവിലെ കണക്കുപ്രകാരം മൂർഷിദാബാദ് ജില്ലയിലാണ് കുടിയേറ്റത്തൊഴിലാളികൾ കൂടുതലുള്ളത്. 3,86,191 പേർ. ഇവരിൽ ഗ്രാമീണ തൊഴിലുറപ്പ് കാർഡുകൾ ലഭിക്കാത്ത കുടുംബങ്ങളെ കണ്ടെത്തി അവർക്ക് എത്രയും വേഗം കാർഡുകൾ ലഭ്യമാക്കാൻ എല്ലാ ജില്ലകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഡുകൾ വിതരണം ചെയ്യുക മാത്രമല്ല പദ്ധതിയുടെ ലക്ഷ്യമെന്നും ഈ കുടുംബങ്ങളിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് യോജിച്ച തൊഴിൽ ലഭ്യമാക്കാനും അർഹതപ്പെട്ട കൂലി ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിവർഷം 60,000 കോടിരൂപ കേരളത്തിൽ നിന്ന് സമ്പാദിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികളും ബംഗാൾ സ്വദേശികളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 60,000 കോടിയോളം ഒരുവർഷം സമ്പാദിക്കുന്നുണ്ടെങ്കിലും അതിൽ 20,000 കോടി മാത്രമേ അവർ കേരളത്തിൽ ചെലവഴിക്കുന്നുള്ളൂ. ബാക്കി പണം സ്വന്തം നാട്ടിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇവിടെ കൂലിവേലക്കാരാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികളിൽ പലരും നാട്ടിലെ പണക്കാരാണ്. സമ്പാദ്യംകൊണ്ട് ഭൂമിയും വീടും വാഹനങ്ങളും അവർ വാങ്ങിക്കുന്നുണ്ട്. മക്കൾക്ക് മികച്ച വിദ്യാഭ്യാസവും നൽകുന്നുണ്ട്.

ഭായിമാർ ബംഗാളിലേക്ക് മടങ്ങിയാൽ കേരളത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. നിർമാണ, ഹോട്ടൽ മേഖല ഉൾപ്പെടെ കേരളത്തിലെ ഒട്ടെല്ലാ രംഗത്തും കൂടുതൽ ജോലിയെടുക്കുന്നത് ബംഗാൾ സ്വദേശികളാണ്. മാത്രമല്ല പ്രാദേശിക വിപണിയിൽ എത്തുന്നത് കൂടുതലും അന്യസംസ്ഥാനക്കാരുടെ പണമാണ്. മലയാളികൾ ഷോപ്പിംഗിനായി വൻകിട മാളുകളെയും ഓൺലൈനുകളെയുമാണ് കൂടുതൽ ആശ്രയിക്കുന്നത്. ഭായിമാർ മടങ്ങിയാൽ പ്രാദേശിക വിപണി ഉൾപ്പെടെ എല്ലാം തകർന്നടിയും.

English Summary

The Suvendu Adhikari government in West Bengal is implementing new measures to create employment and encourage migrant workers to return. This has raised concerns in Kerala regarding a potential exodus of Bengali laborers, who are crucial to its economy. Economists warn their departure could severely impact Kerala's construction, hospitality sectors, and local markets.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENGALI WORKERS JOBS, EMPLOYMENT OPPORTUNITIES, STATE GOVERNMENT JOBS, MIGRANT WORKERS KERALA, BENGALI WORKERS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360