ബംഗളൂരു: അഴിമതി ആരോപണങ്ങളെ തുടർന്ന് കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. ബിജെപിയുടെ കടുത്ത പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു രാജി. ഇന്ന് വൈകിട്ട് രാജി പ്രഖ്യാപിക്കവെ നാഗേന്ദ്ര വികാരാധീനനായി പൊട്ടിക്കരഞ്ഞു. രണ്ട് വർഷം മുമ്പും സമാനമായ ആരോപണങ്ങളുടെ പേരിൽ നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാർ എത്തിയതിന് പിന്നാലെ ഓഗസ്റ്റ് ആദ്യമാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസഭയിലെത്തിയത്. ആസൂത്രണസ്ഥിതിവിവര കണക്ക് വകുപ്പിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന് നൽകിയത്.
കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ 89 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണമാണ് ബി.ജെ.പി നാഗേന്ദ്രയ്ക്ക് എതിരെ പ്രധാനമായും ഉയർത്തുന്നത്. 2024 മേയിൽ കോർപ്പറേഷന്റെ അക്കൗണ്ട് ഓഫീസറായ പി. ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതോടെയാണ് വിവാദം പുറത്തുവന്നത്. അനധികൃതമായി പണം കൈമാറ്റം ചെയ്തതായി ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വലിയ തുകകൾ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി.
രാജിവയ്ക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നോയെന്ന ചോദ്യത്തിന് തീരുമാനങ്ങൾ താൻ തന്നെയാണ് എടുക്കുന്നതെന്നായിരുന്നു നാഗേന്ദ്രയുടെ മറുപടി. അതേസമയം ആരോപണങ്ങളിൽ നാഗേന്ദ്ര നിരപരാധിയാണെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പിന്നീട് പ്രതികരിച്ചു. എല്ലാ റിപ്പോർട്ടുകളും താൻ പരിശോധിച്ചിട്ടുണ്ടെന്നും ബി.ജെ.പി അദ്ദേഹത്തെ കുറ്റവാളിയെപ്പോലെയാണ് കാണുന്നതെന്നും ശിവകുമാർ പറഞ്ഞു.
രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ ഭരണഘടനയിൽ വിശ്വാസമുണ്ടെന്ന് നാഗേന്ദ്ര പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ ബി.ജെ.പിയെ പലതവണ ക്ഷണിച്ചിട്ടും അവർ എത്തിയില്ലെന്നും തെളിവ് എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്ക് മനുസ്മൃതി അടിച്ചേൽപ്പിക്കാനാണ് താത്പര്യമെന്നും ആദിവാസി വിരുദ്ധ മനോഭാവമാണ് പാർട്ടിക്കെന്നും നാഗേന്ദ്ര ആരോപിച്ചു. താൻ ദളിതനായതിനാലാണ് ആക്രമണം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2008ൽ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച നാഗേന്ദ്ര 2013ൽ കുട്ലിഗി മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായും വിജയിച്ചു. 2018ൽ കോൺഗ്രസിൽ ചേർന്ന നാഗേന്ദ്ര ബെല്ലാരി (എസ്.ടി സംവരണം) മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ട് തവണയാണ് വിജയിച്ചത്. ബി.ജെ.പിയുടെ പ്രതിഷേധ മാർച്ചിന് താൻ ഒരു വിഷയമായി മാറാൻ ആഗ്രഹിക്കുന്നില്ലെന്നും നാഗേന്ദ്ര പറഞ്ഞു.
Karnataka Planning and Statistics Minister B. Nagendra resigned amid BJP protests over alleged ₹89 crore financial irregularities in the Maharshi Valmiki Scheduled Tribe Development Corporation. The controversy escalated after the corporation's account officer committed suicide in May, leaving a note about illegal money transfers. Nagendra, emotional during his announcement, asserted his innocence, while CM D.K. Shivakumar defended him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |