SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.00 AM IST

തമിഴ്നാട്ടിൽ 'അരസിയൽ വിളയാട്ട്', അണ്ണാ ഡി.എം.കെയിലെ മൂന്ന് എം.എൽ.എമാർ രാജിവച്ചു, ഇനി ടി.വി.കെയിൽ

s

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ആഭ്യന്തര കലഹം മൂർച്ഛിച്ച അണ്ണാ ഡി.എം.കെയുടെ മൂന്ന് എം.എൽ.എമാർ നിയമസഭ അംഗത്വം രാജിവച്ച് ഭരണകക്ഷിയായ ടി.വി.കെയിൽ ചേർന്നു. കൂടുതൽ പേർ ഇതേ രീതിയിൽ ടി.വി.കെയിൽ എത്തിയേക്കും. മരഗതം കുമാരവേൽ,ജയകുമാർ,സത്യഭാമ എന്നിവരാണ് സ്പീക്കർ ജെ.ടി.സി. പ്രഭാകറിന് രാജി സമർപ്പിച്ച ശേഷം മന്ത്രി അധവ് അർജുനയെ കണ്ട് ടി.വി.കെയിൽ ചേർന്നത്. യഥാക്രമം മധുരാന്തകം,പെരുന്തുറൈ, താരപുരം മണ്ഡലങ്ങളിൽ നിന്നാണ് ഇവർ വിജയിച്ചത്.

അണ്ണാ ഡി.എം.കെയിലെ വിമതനേതാക്കളായ സി.വി.ഷണ്മുഖം,എസ്.പി.വേലുമണി എന്നിവർ നേതൃത്വം നൽകുന്ന ഗ്രൂപ്പിലെ എം.എൽ.എമാരാണിവർ. ഇവർ ഉൾപ്പെടെ 25 പേർ പാർട്ടി വിപ്പ് ലംഘിച്ച് മേയ് 13ന് വിജയ് സർക്കാരിന്റെ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. തുടർന്ന് വിമത വിഭാഗത്തിൽ നിന്നും ആർക്കോട്ടിൽ നിന്നുള്ള എം.എൽ.എ എസ്.എം സുകുമാർ ഉൾപ്പെടെ അഞ്ചു പേർ എടപ്പാടി പളനിസാമിയുടെ നേതൃത്വം അംഗീകരിച്ച് ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങി. ടി.വി.കെ മന്ത്രിസഭയ്ക്ക് പിന്തുണ നൽകുന്നതിലൂടെ മന്ത്രിസ്ഥാനങ്ങൾ വിമത വിഭാഗം പ്രതീക്ഷിച്ചിരുന്നുവെന്നാണ് സൂചന.

സർക്കാരിന്റെ സുരക്ഷിതത്വത്തിനായി അതു നൽകാൻ ടി.വി.കെയും തയ്യാറായിരുന്നു. എന്നാൽ ടി.വി.കെയ്ക്ക് പിന്തുണ നൽകുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഈ നീക്കത്തെ എതിർത്തതോടെ ടി.വി.കെ പിൻവാങ്ങി. മുസ്ലിം ലീഗിനും വി.സി.കെയ്ക്കം മന്ത്രിസ്ഥാനങ്ങൾ നൽകി. ഇതോടെ അണ്ണാ ഡി.എം.കെ വിമത പക്ഷം ആശയകുഴപ്പത്തിലായി. ഔദ്യോഗിക പക്ഷത്തോടൊപ്പം പ്രവർത്തിക്കാനാണ് അവരുടെ അടുത്ത നീക്കം. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച എസ്.പി. വേലുമണി പാർട്ടിയെ പിളർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞത്.

എടപ്പാടി പളനിസ്വാമി അവരുടെ നേതാവായി തുടരുമെന്നും മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുമായി ബന്ധപ്പെട്ട 'അമ്മ ഭരണം' പുനഃസ്ഥാപിക്കാൻ പാർട്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനുശേഷം സ്വന്തം ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് എം.എൽ.എമാർ രാജിവച്ചത്. തൃച്ചി ഈസ്റ്റ് മണ്ഡലത്തിനൊപ്പം ഇവരുടെ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇവർ ടി.വി.കെ ടിക്കറ്റിൽ മത്സരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360