
ന്യൂഡൽഹി: ആൽക്കഹോൾ കൂടിയ അളവിൽ അടങ്ങിയ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിൽപനയ്‌ക്ക് നിയന്ത്രണം കർശനമാക്കി. 12% കൂടുതൽ ഇഥൈൽ ആൽക്കഹോൾ അടങ്ങിയതും 30 മില്ലിലിറ്ററിൽ കൂടുതൽ വലിപ്പമുള്ള ബോട്ടിലുകളിലുള്ളതുമായ മരുന്നുകൾ ഡോക്‌ടറുടെ കുറിപ്പടിയോടെ മാത്രം വിൽക്കാവുന്ന ഷെഡ്യൂൾ എച്ച്-1ലേക്ക് മാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
ഏലം, ഇഞ്ചി, മറ്റ് സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ കഷായങ്ങൾ ഉൾപ്പെടെയുള്ള ചില ഔഷധ ഉൽപ്പന്നങ്ങളെ 1945 ലെ ഡ്രഗ്സ് നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ലൈസൻസിംഗ് ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കി. ഇവയിൽ ചിലതിൽ ഉയർന്ന സാന്ദ്രതയിൽ ഇഥൈൽ ആൽക്കഹോൾ(80-90% വരെ) അടങ്ങിയിട്ടുണ്ട്. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ഇവ വാങ്ങി ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെയാണ് നടപടി. രോഗികളെ തീരുമാനം ബാധിക്കില്ലെങ്കിലും ഫാർമസികൾക്ക് കരുതൽ വേണ്ടിവരും. ആന്റിബയോട്ടിക്കുകൾ അടക്കം മരുന്നുകളുടെതു പോലെ വിൽപന പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. കുറിപ്പടിയടക്കം രേഖകൾ മൂന്നു വർഷത്തേക്ക് സൂക്ഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |