
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കുശേഷം മാത്രമേ പാർലമെന്റിൽ ചർച്ചയ്‌ക്കു തയ്യാറാകൂവെന്ന് പ്രതിപക്ഷം. ചർച്ചയുടെ സമയവും ദൈർഘ്യവും പ്രതിപക്ഷത്തിനു തീരുമാനിക്കാമെന്നും ഉപാധികൾ വേണ്ടെന്നും ഭരണപക്ഷം. ജന്തർ മന്ദറിലോ, നിഷ്‌പക്ഷ വേദിയിലോ മാത്രം ചർച്ചയെന്ന് പാറ്റകൾ. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധമെങ്കിൽ ഇന്നലെ ഗാന്ധി സ്‌മൃതിയിൽ പ്രാർത്ഥിച്ചായിരുന്നു പ്രതിരോധം.
വൈകിട്ട് 6 മണിയോടെ 'ഇന്ത്യ" മുന്നണി എം.പിമാർ സുനേരിബാഗിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നു. പൊലീസ് അതിവേഗം ആക്ടീവായി. സുരക്ഷാവിന്യാസം കൂട്ടി. ഇന്ത്യാ ഗേറ്റിലേക്ക് പോകാനായിരുന്നു പ്രതിപക്ഷ പദ്ധതി. അനുമതി നൽകില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു. ഇതോടെയാണ് രണ്ടു കിലോമീറ്റർ അകലെയുള്ള തീസ് ജനുവരി മാർഗിലെ ഗാന്ധി സ്‌മൃതിയിലേക്ക് പ്രതിഷേധം മാറ്റിയത്.
പാറ്രകളുടെ സമരത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.ജെ.പി പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കിടെ ബാരിക്കേടിൽ തലയിടിച്ച് പരിക്കേറ്റ ഡൽഹി ഛത്തർപൂർ സ്വദേശിനി സാക്ഷിയുടെ(21) നില നാലാം ദിനവും ഗുരുതരമായി തുടരുകയാണ്.
അതിവേഗ കോടതികളെന്ന് മോദി
പാറ്രകളുടെ സമരം തുടങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രതികരിച്ചു. യുവജനങ്ങളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രധാനമായി മറ്റൊന്നുമില്ല. ചോദ്യപേപ്പർ ചോർച്ചയിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കും. യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല. എന്നാൽ, യുവജനങ്ങളുടെ ഭാവിയെ തകർത്തത് മോദിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
ചർച്ച എവിടെ?
സി.ജെ.പി തീരുമാനിക്കുന്ന ഏതു സമയത്തും ചർച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുടെ വസതിയിലോ ഓഫീസിലോ എത്തണമെന്നും വ്യക്തമാക്കി. എന്നാൽ സി.ജെ.പി പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിനും സി.ജെ.പി ആഹ്വാനം ചെയ്തു.
കേന്ദ്ര നടപടികൾ ഇങ്ങനെ
1. ജന്തർ മന്ദറിനു 2 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്ര് വിച്ഛേദിച്ചു
2. സമരത്തിനെത്തിയ യുവതിയുടെ കരണത്തടിച്ച അഡിഷണൽ ഡി.സി.പി സന്ദീപ് ലാംബയെ ജന്തർ മന്ദറിലെ ഡ്യൂട്ടിയിൽ നിന്നുമാറ്റി
3. ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാൻ കമ്മിഷണർക്ക് അധികാരം നൽകിയതും പാറ്റകളുടെ സമരവും തമ്മിൽ ബന്ധമില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |