
ന്യൂഡൽഹി: എതിർ പാർട്ടിയായ ബി.ജെ.പിയിലെ ഇഷ്ടനേതാവ് ആരാണ്... ഒട്ടും ആലോചിക്കാതെ തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മറുപടി, അമരീന്ദർ സിംഗ്. കാരണം അദ്ദേഹം വളരെ 'കൂൾ" ആണ്. സൈനിക കാര്യങ്ങളിൽ വിദഗ്ദ്ധനാണെന്നും പറഞ്ഞ രാഹുൽ, 'ഹലോ അമരീന്ദർ അങ്കിൾ" എന്ന് വിളിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ 'ആസ്‌ക് മി എനിതിംഗ്" എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും തകർന്നിരിക്കുകയാണ്.
ആർ.എസ്.എസ് വിദ്യാഭ്യാസ മേഖല പിടിച്ചടക്കിയതോടെ യുവാക്കളുടെ ചിന്താശേഷിയെ നശിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. കേന്ദ്രമായാലും ജാർഖണ്ഡ് സർക്കാരായാലും വിദ്യാർത്ഥികൾ പറയുന്നത് കേൾക്കാൻ തയ്യാറാകണം. സ്ത്രീകൾ സമൂഹത്തിന്റെ കരുത്താണ്. സ്ത്രീകൾ ധൈര്യത്തോടെയും ശക്തിയോടെയും മുന്നോട്ട് വരണം- എന്നിങ്ങനെ വിദ്യാർത്ഥികളുടെ നിരവധി ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകി. അതിനിടയിൽ രസകരമായ ചോദ്യങ്ങളുമുണ്ടായി.
താങ്കൾ ബാറ്റ്മാൻ ആണോ എന്നചോദ്യത്തിന്, എന്നേയും ബാറ്റ്മാനേയും ഇതുവരെ ആരും ഒരു മുറിയിൽകണ്ടിട്ടില്ലല്ലോ എന്നായിരുന്നു മറുപടി.
ബുദ്ധൻ, ഗുരുനാനാക്ക് ദേവ്, ശ്രീ നാരായണ ഗുരു, ബി ആർ അംബേദ്കർ, മഹാത്മാ ഗാന്ധി തുടങ്ങിയ മഹദ്‌വ്യക്തികളുടെ ദർശനങ്ങളാണ് തന്റെ ഭരണഘടനാ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജന്തർ മന്ദർ പ്രതിഷേധത്തിനുപിന്നാലെ ഇൻസ്റ്റഗ്രാം വഴി യുവജനതയെ കൈയിലെടുക്കാനാണ് ഇപ്പോൾ നേതാക്കൾ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുവജനങ്ങളോട് സംവദിക്കാൻ ഇൻസ്റ്രയിൽ കൂടുതൽ വീഡിയോകളുമായി എത്താറുണ്ട്. സൗഹൃദ ദിനത്തിന് കൊറിയൻ ഫിംഗർ ഹാർട്ട് ( കൈ ഹൃദയത്തിന്റെ ആകൃതിയിലാക്കി സ്നേഹം അറിയിക്കുന്നത്) കാണിച്ചുള്ള ചിത്രം രാഹുൽ പങ്കിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |