
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ആവശ്യപ്പെട്ട 114 റഫാൽ വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങൾക്ക് 3.25 ലക്ഷം കോടി രൂപ വേണമെന്ന് ഫ്രാൻസ്.
ഇന്ത്യ നേരത്തെ നൽകിയ താത്‌പര്യപത്രത്തിനുള്ള (എൽ.ഒ.ആർ) മറുപടിയായാണ് ഫ്രഞ്ച് സർക്കാർ വിശദമായ സാങ്കേതിക-വാണിജ്യ നിർദ്ദേശം ഇന്ത്യയ്ക്ക് കൈമാറിയത്. പ്രതിരോധമന്ത്രാലയത്തിലെ അക്വിസിഷൻ വിഭാഗവും ഇന്ത്യൻ വ്യോമസേനയും പരിശോധിച്ചുവരികയാണ്. നടപ്പിലായാൽ രാജ്യത്തിന്റെ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാകും.
94 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുന്ന കരാറിൽ ആഭ്യന്തര നിർമ്മാണ പങ്കാളികളുടെ സഹകരണത്തോടെ അസ്ത്ര പോലുള്ള ഇന്ത്യൻ നിർമ്മിത മിസൈലുകളും ആയുധങ്ങളും റഫാലിൽ സംയോജിപ്പിച്ചു നൽകുമെന്നും പറയുന്നു. ഇത് ടാറ്റ, ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഏറോ സ്‌പേസ് ടെക്‌നോളജീസ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് 1.6 ലക്ഷം കോടി രൂപയുടെ അവസരങ്ങൾ തുറന്നേക്കും.
സർക്കാർ-ടു-സർക്കാർ (ജി.ടു.ജി) മാതൃകയിലുള്ള കരാറായാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഭ്യന്തര പ്രതിരോധ വ്യവസായത്തിന് വലിയ അവസരങ്ങളും തൊഴിൽ സാദ്ധ്യതകളും കൈവരും. സ്‌ക്വാഡ്രൺ ശക്തി കൂട്ടാനും പരിശീലനം, അറ്റകുറ്റപ്പണി, ലോജിസ്റ്റിക്സ്, സ്‌പെയർ പാർട്സ് എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.
വില, സാങ്കേതികവിദ്യ കൈമാറ്റം, തദ്ദേശീയ നിർമാണത്തിന്റെ തോത്, ഇന്ത്യൻ ആയുധ സംവിധാനങ്ങളുടെ സംയോജനം, വിതരണ സമയക്രമം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും വിശദമായ ചർച്ചകൾ നടത്തും. കേന്ദ്ര സർക്കാരിന്റെ അന്തിമ അംഗീകാരത്തിന് ശേഷമായിരിക്കും കരാറിൽ ഒപ്പുവയ്ക്കുക.
നിലവിൽ ഇന്ത്യൻ വ്യോമസേന 36 റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനു പുറമേയാണ് 114 എണ്ണത്തിനു കൂടി താത്പര്യപത്രം നൽകിയത്. നാവികസേനയ്ക്കായി 26 റഫാൽ-മറൈൻ വിമാനങ്ങൾ വാങ്ങുന്ന നടപടികളും പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |