
ന്യൂഡൽഹി: 1986ൽ രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുകുലുക്കിയ ബൊഫോഴ്സ് കേസിന് 40-ാം വർഷം സുപ്രീംകോടതിയിൽ അന്ത്യം. അവസാന അപ്പീലും തള്ളി. 8 വർഷമായ അപ്പീലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
പ്രതിപ്പട്ടികയിലുള്ള ഹിന്ദുജ സഹോദരന്മാരിൽ പ്രകാശ് ഹിന്ദുജ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്ന് ഹർജിക്കാരനായ അഡ്വ. അജയ് അഗ്രവാൾ കോടതിയെ അറിയിച്ചു. ശ്രീചന്ദ് പി. ഹിന്ദുജ,ഗോപീചന്ദ് പി. ഹിന്ദുജ എന്നിവർ അന്തരിച്ചതിനാൽ അപ്പീലിൽ നിന്ന് പേര് നീക്കാൻ നാലാഴ്ച സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് നിലപാടെടുത്തു.
മുഴുവൻ പ്രതികളെയും ഡൽഹി ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു അപ്പീൽ. ഹൈക്കോടതി വിധിക്കെതിരെ 12 വർഷത്തിനു ശേഷം സി.ബി.ഐ നൽകിയ അപ്പീൽ 2018 നവംബറിൽ സുപ്രീംകോടതി തള്ളി. ഈ സാഹചര്യത്തിൽ കേസ് തുടരുന്നതിൽ ന്യായീകരണമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
400 പീരങ്കികൾ വാങ്ങാൻ 1986 മാർച്ചിലാണ് കേന്ദ്രസർക്കാരും സ്വീഡഷ് ആയുധ കമ്പനിയായ എ.ബി ബൊഫോഴ്സും 1437 കോടിയുടെ കരാറിൽ ഒപ്പിട്ടത്. ഇടപാടിൽ, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും പ്രതിരോധ ഉദ്യോഗസ്ഥർക്കും കൈക്കൂലി ലഭിച്ചതായി 1987ൽ സ്വീഡിഷ് റെഡിയോ വാർത്ത പുറത്തുവിട്ടു.
ഹിന്ദുജ സഹോദരന്മാർ, ഇറ്രാലിയൻ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചി തുടങ്ങിയവർ ഇടനിലക്കാരായെന്ന ആരോപണമുയർന്നു. 1987 ആഗസ്റ്റിൽ അന്വേഷണം ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടെങ്കിലും, കോൺഗ്രസ് അംഗങ്ങളുടെ ഭൂരിപക്ഷമുള്ള കമ്മിറ്റി രാജീവ് സർക്കാരിന് ക്ലീൻചിറ്റ് നൽകി. അന്നത്തെ പ്രതിരോധ മന്ത്രി വി.പി. സിംഗ് പ്രതിഷേധിച്ച് രാജിവച്ചു. 1988ൽ ജനതാദൾ രൂപീകരിച്ചു.
1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൊഫോഴ്സ് മുഖ്യവിഷയമായിരുന്നു. കോൺഗ്രസ് തോറ്റു. വി.പി. സിംഗ് പ്രധാനമന്ത്രിയായി. 1997ൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ രാജീവ് ഗാന്ധിയുടെ പേരുണ്ടായിരുന്നു. എന്നാൽ 1991 മേയ് 21ന് അദ്ദേഹം കൊല്ലപ്പെട്ട സാഹചര്യത്തിൽ 2004 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി പേര് ഒഴിവാക്കി.
ഖജനാവിന് 250 കോടിയുടെ
നഷ്‌ടമെന്ന് സി.ബി.ഐ
400 പീരങ്കിക്ക് 1986 മാർച്ച് 24ന് കരാറിൽ ഒപ്പിട്ടു
1437 കോടിയിടെ ഇടപാടിൽ 1987ൽ അഴിമതിയാരോപണം
1990ൽ വി.പി. സിംഗ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിട്ടു
250 കോടിയുടെ നഷ്‌ടമുണ്ടായെന്ന് 1997ൽ ആദ്യ കുറ്റപത്രം
2005 മേയ് 31ന് മുഴുവൻ പ്രതികളെയും ഡൽഹി ഹൈക്കോടതി വെറുതെവിട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |