
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ തയ്യാറാക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്യുന്ന ഡൽഹിയിലെ എൻ.ടി.എയുടെ ഓഫീസിൽ നിന്നുതന്നെയാണ് പുറത്തു കടത്തി വില്പന നടത്തിയതെന്ന് സി.ബി.ഐ. ചോദ്യപേപ്പർ പരിഭാഷപ്പെടുത്തിയ പൂനെ സ്വദേശികളായ മൂന്നുപേരാണ് ഈ കടുംകൈ ചെയ്തത്.
ഇംഗ്ലീഷിൽ നിന്ന് മറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു ഇവരുടെ ദൗത്യം. ഡൽഹി റൗസ് അവന്യു പ്രത്യേക അതിവേഗ കോടതിയിൽ സമർപ്പിച്ച 20,000ൽപ്പരം പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. കെമിസ്ട്രി പരിഭാഷപ്പെടുത്തിയ പ്രഹ്ളാദ് കുൽക്കർണി കുറിപ്പുകളാക്കിയാണ് പുറത്തുകടത്തിയത്. ബോട്ടണിയും സുവോളജിയും പരിഭാഷപ്പെടുത്തിയ മനീഷ മന്ഥാരെ എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകം കൈവശം വച്ചിരുന്നു. ചോദ്യങ്ങൾ വരുന്ന ഭാഗം അടയാളപ്പെടുത്തി കടത്തുകയായിരുന്നു. ഫിസിക്‌സ് പരിഭാഷകയായ മനീഷ സഞ്ജയ് ഹവൽദാർ പേപ്പറിലെഴുതി പുറത്തെത്തിച്ചു.
ഡൽഹി ഓഖ്‌ല ഓഫീസിലെ കോൺഫിഡൻഷ്യൽ സെക്ഷനിലേക്ക് ഇവർ വരുമ്പോഴും പോകുമ്പോഴും സുരക്ഷാ പരിശോധനയുണ്ടായിരുന്നില്ല. കോച്ചിംഗ് സെന്റർ ഉടമകൾ,വ്യക്തികൾ എന്നിവർക്ക് ഇവർ ചോദ്യങ്ങൾ കൈമാറി ലക്ഷങ്ങൾ കൈപ്പറ്റി. മനീഷ സഞ്ജയ് വാഗ്‌മാറെ എന്ന പുനെയിലെ ബ്യൂട്ടിഷ്യനും പ്രധാന കണ്ണിയാണ്. കുൽക്കർണിയും മന്ഥാരെയും സ്‌പെഷ്യൽ കോച്ചിംഗ് ക്ലാസിലേക്ക് വിദ്യാർത്ഥികളെ എത്തിച്ചു കൊടുത്തു. ഈ പ്രതികളെല്ലാം തീഹാർ ജയിലിലാണ്. കുറ്റപത്രത്തിൽ 13 പ്രതികളാണുള്ളത്. കുറ്റപത്രം സ്വീകരിക്കുന്നതിൽ കോടതി തിങ്കളാഴ്ച തീരുമാനമെടുക്കും.
പ്രിന്റ് രൂപത്തിൽ വില്പന നടന്നത് രാജസ്ഥാനിലാണ്. ചോദ്യങ്ങൾ സമാഹരിച്ചാണ് ഇങ്ങനെ ചെയ്തത്. ഏപ്രിൽ 30ന് ജുൻജുനുവിലെ ബൈപ്പാസിൽ 11 സെറ്റ് ചോദ്യപേപ്പറുമായി കറുത്ത ഹ്യുണ്ടായി വെർന കാർ എത്തി. അമിത്‌കുമാർ മീണ എന്നയാൾ അവ കൈപ്പറ്റി. പ്രതിപട്ടികയിലുള്ള മംഗിലാൽ ബിവാൽ,ദിനേശ് ബിവാൽ എന്നിവരാണ് കാറിലെത്തിയത്. ഇടനിലക്കാരാണിവർ.
രാജസ്ഥാനിലേക്ക്
കേരളത്തിൽ നിന്ന്
അടൂർ മൗണ്ട് സിയോൻ മെഡിക്കൽ കോളേജ് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും രാജസ്ഥാൻ ജുൻജുനു സ്വദേശിയുമായ ലക്ഷ്യരാജ് ഒരു കണ്ണിയാണ്. റൂംമേറ്റായ ഒന്നാം വർഷ വിദ്യാർത്ഥി ഹിതേഷ്‌കുമാറിന് ചോദ്യപേപ്പർ മെസേജിംഗ് ആപ് മുഖേന കൈമാറിയതിനു പുറമേ, സികറിലെ അലൻ കോച്ചിംഗ് സെന്ററിൽ സഹപാഠിയായിരുന്ന രജത് ചൗധരിക്ക് അയച്ചു കൊടുത്തു. രാജസ്ഥാനിൽ എത്തിയതിന്റെ ഒരു ഉറവിടം ഇതാണ്. സഹോദരനുവേണ്ടിയാണ് ചൗധരി വാങ്ങിയത്. 30,000 രൂപ ഫോൺ പേ മുഖേന ലക്ഷ്യയ്‌ക്ക് കൈമാറി. ലക്ഷ്യയെയും ഹിതേഷിനെയും അടക്കം മാപ്പുസാക്ഷിയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |