ന്യൂഡൽഹി: രാജ്യത്തെ പതിനാറിൽപ്പരം ട്രൈബ്യൂണലുകളുടെനിയമനത്തിനും പ്രവർത്തനത്തിനും മേൽനോട്ടം വഹിക്കാൻ ദേശീയ ട്രൈബ്യൂണൽസ് കമ്മിഷൻ രൂപീകരിക്കും. 'ട്രൈബ്യൂണൽ പരിഷ്‌ക്കരണ ബിൽ 2026' ശബ്‌ദവോട്ടോടെ ലോക്‌സഭ പാസാക്കി. രാജ്യസഭയും കടക്കുന്നതോടെ നിയമമാവും.
അഞ്ചംഗ കമ്മിഷനിൽ ചെയർപേഴ്സണ് പുറമെ രണ്ട് ജുഡിഷ്യൽ അംഗങ്ങളും രണ്ട് ടെക്‌നിക്കൽ മെമ്പറുമാരുമുണ്ടാകും. റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജിയോ,മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആകും ചെയർപേഴ്സൺ. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചാണ് കേന്ദ്രസർക്കാർ അഞ്ച് നിയമനങ്ങളും നടത്തേണ്ടത്. ചെയർപേഴ്ണന് 70 വയസു വരെയും
അംഗങ്ങൾക്ക് 67 വയസു വരെയും പ്രവർത്തിക്കാം.
ഈ കമ്മിഷൻ സെർച്ച് കമ്മിറ്റിവച്ച് ദേശീയ ട്രൈബ്യൂണലുകളിൽ നിയമിക്കേണ്ടവരുടെ പാനൽ തയ്യാറാക്കണം. കമ്മിഷൻ നൽകുന്ന പട്ടികയിൽ നിന്ന് മൂന്നു മാസത്തിനകം കേന്ദ്രം നിയമനം നടത്തണം.
നിലവിൽ കേന്ദ്ര സർക്കാർ നേരിട്ട് നിയമനം നടത്തുകയാണ്. തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന പൊതുതാല്പര്യ ഹർജികളിൽ സുപ്രീം കോടതിയാണ് കമ്മിഷൻ രൂപീകരിക്കാൻ ഉത്തരവിട്ടത്.
സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ,നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ,ആംഡ് ഫോഴ്സ് ട്രൈബ്യൂണൽ,സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരും.
നിയമനങ്ങളിൽ സ്വതന്ത്ര സ്വഭാവവും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |