
ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവച്ചതോടെ വെട്ടിലായി നടൻ വിക്രം. പിന്നീട്
വീഡിയോ സമൂഹ മാദ്ധ്യമത്തിൽ നിന്ന് വിക്രം നീക്കം ചെയ്തെങ്കിലും തമിഴ്നാട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വിക്രമിന്റെ മകളുടെ ഭർതൃപിതാവിനെതിരെയാണ് അന്വേഷണം. വ്യവസായി കൂടിയായ സി.കെ. രംഗനാഥന്റെ കൈവശമുള്ള സംരക്ഷിത വിഭാഗത്തിൽപ്പെട്ട കുരങ്ങുമായൊത്തുള്ള റീൽ ഞായറാഴ്ചയാണ് വിക്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വൈറലായെങ്കിലും ഈ കുരങ്ങിനെ കൈവശം വയ്ക്കുന്നത്
നിയമവിരുദ്ധമാണെന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയതോടെ വിവാദമായി. പിന്നാലെ വിക്രം വീഡിയോ ഡിലീറ്റ് ചെയ്തു.
ലാർ ഗിബ്ബൺ വിഭാഗത്തിൽപ്പെട്ടതാണ് കുരങ്ങ്. വന്യജീവി കച്ചവടത്തിനെതിരെയുള്ള അന്താരാഷ്ട്ര ഉടമ്പടിയായ 'സൈറ്റ്സ് ", വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം വംശനാശഭീഷണി നേരിടുന്നതും സംരക്ഷിക്കപ്പെടേണ്ടതുമായ ജീവിവർഗമാണിത്. ജൂണിൽ മണിപ്പൂരിൽ നിന്ന് വാങ്ങിയതാണ് ഈ കുരങ്ങിനെയെന്നാണ് റിപ്പോർട്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാകമെന്നാണ് വനംവകുപ്പിന്റെ സംശയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |