
ന്യൂഡൽഹി: മരണാനന്തരം ശൗര്യചക്ര നൽകി രാജ്യം ആദരിച്ച മോഹൻ സിംഗിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൂടി കേന്ദ്രസർക്കാർ നൽകണമെന്ന് സുപ്രീംകോടതി. പ്രതിരോധ വകുപ്പിനുകീഴിലെ ജനറൽ റിസർവ് എൻജിയറിംഗ് ഫോഴ്സിലെ ഓവർസീയറായിരുന്നു മോഹൻ സിംഗ്. 2000 ജൂലായ് 10ന് ഇന്ത്യ-ചൈന അതിർത്തി മേഖലയിലെ തന്ത്രപ്രധാന റോഡ് നിർമ്മാണത്തിനിടെ, ഉരുൾപൊട്ടി വരുന്നത് കണ്ട് സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.
തൊഴിലാളികളെയടക്കം രക്ഷിച്ചു. സ്വയം രക്ഷപ്പെടാനായില്ല. ഉദ്യോഗസ്ഥന് 2001 ഒക്ടോബർ 11ന് മരണാനന്തരം ശൗര്യചക്ര രാജ്യം പ്രഖ്യാപിച്ചു. ഭാര്യയ്‌ക്ക് സാധാരണ കുടുംബ പെൻഷൻ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചപ്പോൾ നേരത്തെ വാങ്ങിയ നഷ്‌ടപരിഹാരം പലിശ സഹിതം തിരിച്ചുകൊടുക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അസാധാരണ പെൻഷൻ നൽകാൻ നടപടിയെടുത്തുവെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ സൈനികന്റേത് പരമോന്നത ത്യാഗമെന്ന് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അരുൺ പല്ലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അതിനാൽ സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142-ാം അനുച്ഛേദം നൽകിയിരിക്കുന്ന സവിശേഷാധികാരം ഉപയോഗിച്ച് കൂടുതൽ നഷ്‌ടപരിഹാരം വിധിക്കുകയാണെന്ന് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |