
ന്യൂഡൽഹി: ലോക്‌സഭയ്‌ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയതോടെ ഭരണഘടനയിൽ കേരള എന്നത് 'കേരളം" എന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കുന്നതോടെ കേന്ദ്ര സർക്കാർ രേഖകളിൽ 'കേരളം' ആകും.
എം.പിമാർ ഉദ്ധരിച്ച വള്ളത്തോളിന്റെയും ഗുരുദേവന്റെയും വരികളിലൂടെ കേരളം സഭയിൽ നിറഞ്ഞു.
ചർച്ചയിൽ മറ്റു സംസ്ഥാനങ്ങളിലെ എം.പിമാർ അടക്കം 26 പേർ പങ്കെടുത്തു. പ്രകൃതിസൗന്ദര്യം, വിദ്യാസമ്പന്നത, ജനങ്ങളുടെ അർപ്പണമനോഭാവം തുടങ്ങിയവ അന്യഭാഷാ എം.പിമാർ എടുത്തു പറഞ്ഞു. എന്നാൽ അമിത് ഷാ സഭയിൽ ഇല്ലാത്തതിൽ പ്രതിഷേധിച്ച് മലയാളി എം.പിമാർ വോട്ടെടുപ്പിന് മുൻപ് വാക്കൗട്ട് നടത്തി.
മുണ്ടും ഷർട്ടുമായിരുന്നു കേരളത്തിൽ നിന്നുള്ള പുരുഷ എം.പിമാരുടെ വേഷം. സുരേഷ് ഗോപിയും സദാന്ദൻമാസ്റ്ററും ജുബയാണ് ധരിച്ചിരുന്നത്. മലയാളം അക്ഷരങ്ങളുള്ളതായിരുന്നു ജോസ് കെ മാണിയുടെ ഷർട്ട്. വനിതാ അംഗമായ ജെബി മേത്തർ കേരള സാരി ധരിച്ചാണ് എത്തിയത്.
ജോസ്.കെ. മാണി, പി. സന്തോഷ് കുമാർ, ജെബി മേത്തർ, ഡോ. ശിവദാസൻ, എ.എ. റഹിം, ഹാരിസ് ബീരാൻ, സദാനന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചത് മലയാളത്തിൽ. ലോക്‌സഭയിൽ അവസരം ലഭിക്കാതിരുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ചർച്ചയിൽ പങ്കെടുത്തു. കേരളം എന്നു തുടങ്ങുന്ന മലയാള ഗാനവും ആലപിച്ചു. കേരളപ്പിറവിക്ക് ശേഷം 50 വർഷത്തിനിപ്പുറം പേരുമാറ്റം അംഗീകരിക്കാൻ നരേന്ദ്രമോദി വേണ്ടിവന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. വികസന കാര്യത്തിലും കേരളത്തെ ചേർത്തു നിർത്തണമെന്ന് തെലങ്കാനയിലെ ബി.ആർ.എസ് അംഗം രവിചന്ദ്ര വദ്ദിരാജു പറഞ്ഞു.
ചർച്ചയ്‌ക്കിടെ
രാഷ്‌ട്രീയപ്പോരും
ബി.ജെ.പി അംഗം സുധാംശു ത്രിവേദിയുടെ മുസ്ലിം വിരുദ്ധ പരാമർശം വൻ ബഹളത്തിനിടയാക്കി. ജെബി മേത്തറും പി. സന്തോഷ് കുമാറും പ്രസംഗത്തിനിടെ അമിത് ഷായുടെ സാന്നിധ്യം ആവശ്യപ്പെട്ടത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ചോദ്യപേപ്പറിൽ
സവർക്കറെ ഉൾപ്പെടുത്തിയതിന് അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത നടപടി കേരളത്തിന് അപമാനമാണെന്ന് സദാനന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷത്തെയും ചൊടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |