SignIn
Kerala Kaumudi Online
Wednesday, 12 August 2026 7.40 AM IST

'സ്വാതന്ത്ര്യം' ആഘോഷിച്ച് ബലൂചിസ്ഥാൻ

f

ഇസ്ലാമാബാദ്: 'ബലൂചിസ്ഥാൻ രാഷ്ട്ര"ത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ലോകമെമ്പാടുമുള്ള ബലൂച് വംശജർ. ബലൂചിസ്ഥാന്റെ പതാകയേന്തി വിവിധ നഗരങ്ങളിൽ ബലൂച് വംശജർ ഒത്തുചേർന്നു. യു.എന്നും ഇന്ത്യയടക്കം രാജ്യങ്ങളും തങ്ങളെ പ്രത്യേക രാഷ്ട്രമായി അംഗീകരിക്കണമെന്നും പാകിസ്ഥാന്റെ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

ബലൂച് വംശജർ അറബ് രാഷ്ട്രങ്ങളിലടക്കം ആഘോഷിക്കുന്നതിന്റെയും പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നതിന്റെയും വീഡിയോകൾ പ്രചരിക്കുന്നുണ്ടെങ്കിലും ആധികാരികത വ്യക്തമല്ല. ഈ മാസം നാലിനാണ് പാക് സുരക്ഷാസേനയ്ക്കെതിരെ പോരാട്ടം തുടരുന്ന ബലൂച് വിമതർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ബലൂച് ജനത ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആചരിക്കണമെന്നും ഇവർ സമൂഹ മാദ്ധ്യമത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു.

1947 ആഗസ്റ്റ് 11ന് ബലൂചിസ്ഥാൻ ഉൾപ്പെടുന്ന കലാത്ത് നാട്ടുരാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിക്കപ്പെട്ടതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം തിരഞ്ഞെടുത്തത്. 1948ലാണ് കലാത്തിനെ പാകിസ്ഥാനുമായി കൂട്ടിച്ചേർത്തത്.


# ശബ്ദം ഉയരാൻ...

സ്വാതന്ത്ര്യ പ്രഖ്യാപനവും സ്വാതന്ത്ര്യദിനവും പ്രതീകാത്മകമാണെങ്കിലും ബലൂച് ജനതയുടെ ശബ്ദം ആഗോളതലത്തിൽ ഉയരാനുള്ള മാർഗമായിട്ടാണ് വിമതർ ഇതിനെ കാണുന്നത്. ബലൂചിസ്ഥാന്റെ ഭരണ, സൈനിക നിയന്ത്രണം ഇപ്പോഴും പാകിസ്ഥാന്റെ കൈയിലാണ്. വിമതർക്കെതിരെ സൈനിക ദൗത്യവും സജീവം. ഇന്നലെ 5 പേരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് ഭരണകൂടത്തിന്റെ മൊബൈൽ, ഇന്റർനെറ്റ് വിലക്കുള്ളതിനാൽ പ്രവിശ്യയിലെ സാഹചര്യം പുറംലോകത്തിന് അവ്യക്തമാണ്. മിക്കയിടത്തും നിരോധനാജ്ഞയുണ്ട്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോട് പാക് സർക്കാർ പ്രതികരിച്ചിട്ടില്ല.

# കാലങ്ങളായി ചൂഷണം


 പാകിസ്ഥാൻ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നെന്നും ബലൂച് വംശജരെ തട്ടിക്കൊണ്ടുപോയി വധിക്കുന്നെന്നും പറയുന്നു

 ധാതു സമ്പുഷ്‌ടമാണ് ബലൂചിസ്ഥാൻ. ജനങ്ങൾ സാമ്പത്തികമായി പിന്നാക്കവും. വിഭവങ്ങൾ പാക് സർക്കാരും ചൈനയും കൊള്ളയടിക്കുന്നെന്ന് വിമതർ

 ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി, പ്രവിശ്യയിൽ ചൈന വിവിധ പദ്ധതികൾ നടത്തുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360