
പരിശീലിപ്പിച്ചത് ആശുപത്രിയിൽ
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയിൽ കെമിസ്ട്രി വിഷയത്തിലെ 132 ചോദ്യങ്ങൾ ചോർത്തി ഒരു ആശുപത്രിയിൽ വച്ച് വിദ്യാർത്ഥിയെ പഠിപ്പിച്ചെന്ന് സി.ബി.ഐ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (എൻ.ടി.എ) ചോദ്യപേപ്പർ പരിഭാഷപ്പെടുത്തുന്ന സമിതിയിലെ അംഗവും കെമിസ്ട്രി അദ്ധ്യാപകനുമായ പി.വി.കുൽക്കർണിയാണ് ചോർത്തിയത്. മഹാരാഷ്ട്ര ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ മൂന്നാം നിലയിലെ മുറിയിലായിരുന്നു വിദ്യാർത്ഥിക്ക് ക്ളാസെടുത്തത്. ജൂലായ് 28ന് ഡൽഹി അതിവേഗ കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.
കുൽക്കർണിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ലാത്തൂരിലെ റെനുകായ് കരിയർ കോച്ചിംഗ് ഇൻസ്റ്റിറ്ര്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കറുടെ മകനു വേണ്ടിയായിരുന്നു ക്ളാസെടുത്തത്. പരീക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് ആശുപത്രിയിലേക്ക് വിദ്യാർത്ഥിയെ വിളിച്ചുവരുത്തിയാണ് ചോർത്തിയ ചോദ്യങ്ങളുടെ ഉത്തരമടക്കം പറഞ്ഞുകൊടുത്തത്.
ഏപ്രിൽ 18, 19, 22 തീയതികളിലായിരുന്നു ക്ളാസ്. മൂന്നു ദിവസങ്ങളിലും രണ്ടു മണിക്കൂർവരെ ക്ളാസെടുത്തു. ഈ വിദ്യാർത്ഥി തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് സി.ബി.ഐയ്ക്ക് മൊഴി നൽകിയത്. കുറ്റപത്രത്തിലെ ഈ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ചോദ്യപേപ്പർ ചോർച്ചക്കേസിൽ 13 പ്രതികളാണുള്ളത്. 360 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'നോട്ട് ബുക്കിൽ
എഴുതിയെടുത്തു'
കുൽക്കർണി കൈയിൽ കരുതിയ കടലാസുകളിൽ നിന്നാണ് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു തന്നതെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. ഇതെല്ലാം താൻ നോട്ട് ബുക്കിൽ എഴുതിയെടുത്തു. എന്നാൽ, ഇത് പരിശോധിച്ച പിതാവ് ചോദ്യങ്ങളിൽ വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞതിനാൽ മനഃപാഠമാക്കിയില്ല. കെമിസ്ട്രിക്ക് 180ൽ 117 മാർക്കാണ് തനിക്ക് ലഭിച്ചത്. നീറ്റ് പരീക്ഷയ്ക്കുശേഷം നോട്ട് ബുക്കുകൾ ആക്രിക്കച്ചവടക്കാരന് വിറ്റുവെന്നും വിദ്യാർത്ഥി മൊഴി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |