
ന്യൂഡൽഹി: ബി.ജെ.പി എംപി സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച് സി.പി.എം നേതാവ് ജോൺ ബ്രിട്ടാസ്. പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയടക്കം എം.പിമാർ മുണ്ടുടുത്ത് പ്രതിഷേധിച്ചു. പിന്നീട് രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ ബ്രിട്ടാസിനെയും സുസ്‌മിതാ ദേവിനെയും ചേംബറിൽ വിളിച്ചു വരുത്തി വിഷയം തീർപ്പാക്കി.
കഴിഞ്ഞ ദിവസം സഭയിൽ ചർച്ചയ്‌ക്കിടെ സുസ്‌മിത ദേവ് തന്നെ ലുങ്കിവാല എന്ന് നിരന്തരം വിളിച്ച് പരിഹസിച്ചെന്നും മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെ ജീവിക്കുന്ന ആളാണ് താനെന്നും ബ്രിട്ടാസ് സഭയിൽ പറഞ്ഞു. മലയാള ഭാഷ, സംസ്‌കാരം, വേഷവിധാനം, ഭക്ഷണം തുടങ്ങിയവയിലും അഭിമാനമുണ്ട്. പാർലമെന്റ് അംഗമെന്ന നിലയിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേ ഭരണപക്ഷത്തെ എംപി ലുങ്കിവാലയെന്ന് അധിക്ഷേപിച്ചു. സഭയിൽ വാക്കുതർക്കങ്ങൾ സ്വാഭാവികമാണ്. ലുങ്കിയെ ഒരു ജനവിഭാഗത്തെ അവഹേളിക്കാനുള്ള ആയുധമാക്കിയെന്നും ബ്രിട്ടാസ് പറഞ്ഞു. സുസ്‌മിത ദേവിനെതിരെ അദ്ധ്യക്ഷന് അവകാശ ലംഘന നോട്ടീസ് നൽകിയ ശേഷമായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.
ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്‌പോരുണ്ടായതോടെ
ഇടപെട്ട അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ സഹപ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിക്കരുതെന്ന് റൂളിംഗ് നൽകി. ഇന്ത്യൻ സംസ്‌കാരം വൈവിധ്യമാർന്ന പ്രാദേശിക സ്വത്വങ്ങളെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാസംസ്ഥാനങ്ങളിലെയും വസ്‌ത്രധാരണ രീതിയെ ബഹുമാനിക്കുന്നുവെന്ന് സഭാ നേതാവും മന്ത്രിയുമായ ജെ.പി. നദ്ദ വിശദീകരിച്ചു. ലുങ്കിയെ ദോത്തിയെന്നാണ് വിളിക്കാറുള്ളത്. സുസ്‌മിതയുടെ ഭാഗം കൂടി കേൾക്കണം. എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദങ്ങളില്ലെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും പറഞ്ഞു. ബ്രിട്ടാസ് പരിഹസിച്ചതായി സുസ‌്‌മിത ദേവിനും പരാതിയുണ്ടെന്ന് റിജിജു അറിയിച്ചു. ഈ സമയത്ത് ബി.ജെ.പി വനിതാ അംഗങ്ങൾ ബ്രിട്ടാസിനെതിരെ മുദ്രാവാക്യം വിളി തുടങ്ങി. ബഹളത്തെ തുടർന്ന് പിരിഞ്ഞ സഭ പിന്നീട് ചേർന്നപ്പോൾ സുസ്‌മിതയ്‌ക്കും സംസാരിക്കാൻ അവസരം നൽകി.
ബ്രിട്ടാസിന്റെ പരാമർശത്തിന് പ്രതികരണമായിട്ടാണ് താൻ ലുങ്കിവാല എന്നു വിളിച്ചെന്നാണ് സുസ്‌മിതയുടെ വാദം. ലുങ്കി പരാമർശത്തിൽ പ്രതിപക്ഷം പാർലമെന്റിന് പുറത്തും പ്രതിഷേധിച്ചിരുന്നു.
അതിനിടെ ബ്രിട്ടാസിന്റെ പരാമർശത്തിന് പ്രതികരണമായി കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ കമ്മ്യൂണിസ്റ്റുകാർ ഭീരുക്കളാണെന്ന പരാമർശം രാജ്യസഭാ രേഖയിൽ നിന്ന് നീക്കി. സി.പി.എെ നേതാവ് പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ്.
CPI(M) leader and Rajya Sabha MP John Brittas protested in the House after BJP MP Sushmita Dev allegedly referred to him as “Lungiwala.” The Opposition took up the issue and raised objections in the Rajya Sabha.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |