SignIn
Kerala Kaumudi Online
Thursday, 13 August 2026 1.32 AM IST

മണ്ഡല പുനർനിർണയം: പ്രമേയം പാസാക്കി തമിഴ്നാട്

r

ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണ് പാസാക്കിയത്. 

ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ തന്നെ സ്ഥിരപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾക്കുള്ള സീറ്റ് വിഭജനം നിലവിലെ അനുപാതത്തിൽ തന്നെ തുടരണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.

നിലവിലുള്ള 543 മണ്ഡലങ്ങളെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിദ്ധ്യം കുറക്കുമെന്ന ആശങ്കയും തമിഴ്നാട് മുന്നോട്ടുവച്ചു. ജനസംഖ്യാ നിയന്ത്രണം, വികസനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾക്ക് പുതിയ മണ്ഡല പുനർനിർണയം ശിക്ഷയായി മാറരുതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. വനിതാ സംവരണം എന്നത് ആരുടെയും ഔദാര്യമല്ല, മറിച്ച് സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശവും സാമൂഹിക നീതിയുടെ ഭാഗവുമാണെന്ന് വിജയ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. തമിഴ്നാട്ടിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡി.എം.കെ അനുകൂലിച്ചു

ഡി.എം.ഡി.കെ എതിർത്തു

പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെ പ്രമേയത്തെ അനുകൂലിച്ചു. ഇക്കാര്യം കഴിഞ്ഞ സർക്കാർ തന്നെ ആവശ്യപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. അതേസമയം ഡി.എം.കെ മുന്നണിയിൽപെട്ട ഡി.എം.‌ഡി.കെ എതിർത്തു. മണ്ഡല പുനർനിർണയം നടപ്പിലായാൽ തമിഴ്നാടിന് 59 എം.പിമാരെ ലഭിക്കുമെന്ന് ഡി.എം.ഡി.കെ നേതാവ് പ്രേമലത വിജയകാന്ത് പറഞ്ഞു. നിലവിൽ പുതുച്ചേരി ഉൾപ്പെടെ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. അണ്ണാ ഡി.എം.കെ, പി.എം.കെ, ബി.ജെ.പി കക്ഷികളും പ്രമേയത്തെ എതിർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360