SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

മോദി-ഷീ-പുട്ടിൻ കൂടിക്കാഴ്ചയ്ക്ക് വേദിയാകാൻ ബിഷ്‌കെക് ,​ ഷാങ്ഹായ്  ഉച്ചകോടിയിലേക്ക്  മോദി

1


 ഉസ്ബെക്കിസ്ഥാനിൽ ഊഷ്മള സ്വീകരണം

ന്യൂഡൽഹി: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പങ്കെടുക്കും. ലോകനേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ച നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകും. ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരതയും സമാധാനവും നിലനിറുത്താനുള്ള ശ്രമം ഷീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. വ്യാപാര, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കലായിരിക്കും പുട്ടിനുമായുള്ള ചർച്ചയിലെ പ്രധാന അജൻഡ.

അതേസമയം, ചൈനയുമായി അടുപ്പം പുലർത്തുന്ന ഉസ്ബെക്കിസ്ഥാനിൽ മോദിക്ക് ഊഷ്മള സ്വീകരണം. പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാരബന്ധം വിപുലീകരിക്കാനുള്ള ചർച്ചകൾ നടക്കും. നാളെയേ കിർഗിസ്ഥാനിലേക്ക് പോകൂ.

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ പ്രസിഡന്റ് പുടിനുമായി മോസ്‌കോയിലും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ബീജിംഗിലെത്തി ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ സെംഗ്,​ വിദേശകാര്യമന്ത്രി വാങ് യീ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫും ഉച്ചകോടിക്ക് എത്തുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ മോദി-ഷെരീഫ് കൂടിക്കാഴ്ചയുണ്ടാകുമോയെന്നത് പ്രധാനമാണ്. അടുത്തവർഷത്തെ ഉച്ചകോടി പാകിസ്ഥാനിലാണ്. പങ്കെടുക്കണമോയെന്ന് ഉചിതസമയത്ത് തീരുമാനിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. സെപ്‌തംബർ 12, 13 തീയതികളിലായി ഡൽഹിയിൽ നിശ്ചയിച്ചിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും പുടിനും ഷീ ജിൻപിംഗും എത്തിയേക്കും.

ബിഷ്‌കെകിൽ ചർച്ചയാകുക

1.പശ്ചിമേഷ്യയിലെ സാഹചര്യം

2. സുരക്ഷാ വെല്ലുവിളികൾ

3.റഷ്യ-യുക്രെയിൻ സം‍ഘർഷം

4.തുർക്കി-സൗദി-​പാകിസ്ഥാൻ ഇസ്‌ലാമിക് നാറ്റോ സഖ്യം

5.അഫ്ഗാനിസ്ഥാനിലെ ഭീകരത,​ ലഹരിക്കടത്ത്,​ അതിർത്തിസുരക്ഷ

6.റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്ന് മുംബയ് വരെ നീളുന്ന ആഗോള നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിന്റെ വികസനം

ഉസ്ബെക്കിസ്ഥാനിൽ 300 കോടി

ഡോളർ വ്യാപാരം ലക്ഷ്യം

ഉസ്ബെക്കിസ്ഥാനിൽ വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ കണക്ടിവിറ്റി, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. വ്യാപാരം 150 കോടി ഡോളറിൽ നിന്ന് 300 കോടി ഡോളറാക്കി ഉയർത്തുകയാണ് ലക്ഷ്യം. തലസ്ഥാനമായ താഷ്കെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്‌മള സ്വീകരണമാണ് ലഭിച്ചത്. താഷ്കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ഓറിയന്റൽ സ്റ്റഡീസിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്‌മാരകവും മഹാത്മാഗാന്ധി കേന്ദ്രവും സന്ദർശിക്കും.

സമാധാനത്തിനും സ്ഥിരതയ്‌ക്കും ഭീഷണിയായി തുടരുന്ന ഭീകരവാദം, വിഘടനവാദം എന്നിവ അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്. മദ്ധ്യേഷ്യയിലെ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും.

- പ്രധാനമന്ത്രി നരേന്ദ്ര മോദി

(യാത്ര പുറപ്പെടുന്നതിന്

മുമ്പുള്ള പ്രതികരണം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360