
ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മംഗള എക്സ്പ്രസിൽ ഭക്ഷ്യവിഷബാധ. സ്കൂളിൽ നിന്ന് വിനോദ യാത്ര പോയി തിരിച്ചുവരികയായിരുന്ന മലയാളി വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഖാണ്ഡ്വ സ്റ്റേഷനിൽ ട്രെയിൻ നിറുത്തിയിട്ടു. ഡോക്ടർമാർ എത്തി പരിശോധിച്ചതിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ട്രെയിനിലെ പാൻട്രിയിൽ നിന്നുള്ള ഭക്ഷണമാണ് വിദ്യാർത്ഥികൾ കഴിച്ചിരുന്നത്. ആഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ നിസാമുദ്ദിനിൽ നിന്നാണ് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിൻ പുറപ്പെട്ടത്. ഞായർ രാവിലെ ഒമ്പതോടെ ട്രെയിൻ എറണാകുളത്തെത്തും. എസ്2, എസ്3 കോച്ചുകളിൽ യാത്ര ചെയ്യുന്ന തൃശൂരിൽ നിന്നുള്ള സ്കൾ യാത്രാ സംഘത്തിലെ നാല്പതോളം കുട്ടികൾക്കാണ് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. 80 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും അടങ്ങുന്നതാണ് സംഘം.
ഇറ്റാർസി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് അദ്ധ്യാപകർ റെയിൽവേ ജിവനക്കാരെയും റെയിൽവേ ഹെല്പ് ലൈനിലും വിവരമറിയിച്ചു. ഉടൻ തന്നെ മദ്ധ്യപ്രദേശിലെ ഖാണ്ഡ്വ സ്റ്റേഷനിൽ റെയിൽവേ അധികൃതർ മെഡിക്കൽ ടീമിനെ സജ്ജീകരിച്ചു നിറുത്തി. വെള്ളിയാഴ്ച രാത്രി ഖണ്ഡ്വ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ കുട്ടികളെ പുറത്തിറക്കി അടിയന്തര ചികിത്സ നൽകി. കുട്ടികളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം 40 മിനിട്ട് വൈകി ട്രെയിൻ യാത്ര തുടരുകയായിരുന്നു. റെയിൽവേയുടെ പ്രത്യേക മെഡിക്കൽ സംഘവും ഭുസാവൽ സ്റ്റേഷൻ വരെ കുട്ടികൾക്കൊപ്പം യാത്ര തുടർന്നു. അപകടനില തരണം ചെയ്ത കുട്ടികളെല്ലാം നിലവിൽ സുരക്ഷിതരായി യാത്ര ചെയ്യുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |