
തിരുവനന്തപുരം: പി.എസ്.എൽ.വിയുടെ തുടർ പരാജയം. സ്വകാര്യവത്കരണത്തിന്റെ മറവിലെ മുതലെടുപ്പ്. 120 ശാസ്ത്രജ്ഞരുടെ കൂട്ട രാജി. നിശ്ചയിച്ച വിക്ഷേപണങ്ങൾ മാറ്റൽ... രാജ്യത്തെ അഭിമാന സ്തംഭമായ ഐ.എസ്.ആർ.ഒ വീഴ്ചയിലേക്കെന്ന് തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ പ്രൗഢി വീണ്ടെടുക്കാൻ അടിയന്തര നടപടി തുടങ്ങി.
പുനരുജ്ജീവനത്തിന്റെ ഭാഗമായി ഐ.എസ്.ആർ.ഒയുടെ വിവിധ സ്ഥാപനങ്ങളിലേക്ക് പുതിയ ഡയറക്ടർമാരെ നിയമിച്ചു. ആറുവർഷമായി ഇഴയുന്ന ഗഗൻയാൻ പദ്ധതിയുടെ തലവനായി പി.എസ്.എൽ.വി ഡയറക്ടറും മലയാളിയുമായ എസ്.ആർ.ബിജുവിനെ നിയമിച്ചതാണ് സുപ്രധാന തീരുമാനം. ദിനേശ് സിംഗിനെയാണ് മാറ്റിയത്. മൂന്ന് മാസത്തിനുള്ളിൽ ഗഗൻയാനിന്റെ വ്യോമമിത്ര റോബോട്ടിനെ വിക്ഷേപിക്കും. തിരുവനന്തപുരം കുറവൻകോണം സ്വദേശിയായ ബിജു സി.ഇ.ടി മുൻ വിദ്യാർത്ഥിയാണ്. പി.എസ്.എൽ.വി പുതിയ പതിപ്പുകളുടെ വികസനത്തിലും വിക്ഷേപണത്തിലും നേതൃത്വം നൽകിവരികയാണ് 58കാരനായ ബിജു.
ദൗത്യങ്ങൾ വൈകുന്നത് പരിഹരിക്കാൻ ആൾ പ്രൊജക്ടർ ഡയറക്ടർ എന്ന പുതിയ തസ്തികയുണ്ടാക്കി. ജസ്‌വീന്ദർ സിംഗ് ഖൊറാലിനെ ചുമതലയേല്പിച്ചു. ഗവേഷണ വികസന വിഭാഗവും പുതുതായി ആരംഭിച്ചു. എസ്.സുധാകറാണ് ഡയറക്ടർ.
വി.എസ്.എസ്.സിയിൽ ഡോ. യു.പി.രാജീവ്, എൽ.പി.എസ്.സിയിൽ എൻ.ജയൻ, ഐ.പി.ആർ.സിയിൽ നാരായണൻ അപ്പു, ഐ.ഐ.എസ്.യുവിൽ ജോജിജെ.ചാമൻ എന്നിവരെ ഡയറക്ടർമാരായി അടുത്തിടെ നിയമിച്ചിരുന്നു.
170 പുതിയ ശാസ്ത്രജ്ഞർ;
സെപ്തംബർ 4ന് വിക്ഷേപണം
പുതുതായി 170 ശാസ്ത്രജ്ഞരെ നിയമിക്കും. 25 ലക്ഷം രൂപയാണ് വാർഷികശമ്പളം. എട്ടുമാസമായി മുടങ്ങിക്കിടക്കുന്ന വിക്ഷേപണങ്ങൾ സെപ്തംബറിൽ പുനരാരംഭിക്കും. സെപ്തംബർ 4ന് പ്രതിരോധവകുപ്പിന്റെ ഇ.ഒ.എസ്- 05 ഉപഗ്രഹം വിക്ഷേപിക്കാൻ ആലോചിക്കുന്നതായി ചെയർമാൻ ഡോ. നാരായണൻ അറിയിച്ചു. ശ്രീഹരിക്കോട്ടയിൽ ഇതിനായി ജി.എസ്.എൽ.വി മാർക്ക് 2 റോക്കറ്റ് മൂന്ന് മാസമായി തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. ടെക്നിക്കൽ റിവ്യു നടത്തിയ ശേഷം വിക്ഷേപണ സമയം നിശ്ചയിക്കും. ഡി.ആർ.ഡി.ഒ നിർമ്മിച്ചതാണ് ഉപഗ്രഹം.
പ്രതിസന്ധിയുടെ
ഇരുണ്ട ഘട്ടം
1 പ്രതിരോധ ഉപഗ്രഹങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. 2021 ആഗസ്റ്റ് 21ന് ഇ.ഒ.എസ്- 03, 2025 മേയ് 18ന് ഇ.ഒ.എസ്- 09, 2026 ജനുവരി 12ന് അത്യാധുനിക ഉപഗ്രഹമായ ഇ.ഒ.എസ്.എൻ-1 എന്നിവ പരാജയപ്പെട്ടത് ശോഭ കെടുത്തി. ഇതോടെ അട്ടിമറി സംശയം മണത്ത കേന്ദ്രസർക്കാർ ഉപഗ്രഹവിക്ഷേപണത്തിന് അനുമതി നിർബന്ധമാക്കി
2 ജി.എസ്.എൽ.വി, പി.എസ്.എൽ.വി, എസ്.എസ്.എൽ.വി റോക്കറ്റുകളും കുലശേഖരപട്ടണത്ത് പുതുതായി തുടങ്ങുന്ന റോക്കറ്റ് നിലയവും സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിനിടയാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |