
മുംബയ്: ഷൂ ഇല്ല, ട്രാക്ക് സ്യൂട്ടില്ല, തേഞ്ഞുതീരാറായ ചെരിപ്പും കൈയിൽ പിടിച്ച്, സാരി വാരിക്കൂട്ടി
ഒരമ്മ മാരത്തൺ ഓടി ജയിച്ചു. മകൾക്ക് പുസ്തകം വാങ്ങാനുളള പണം കണ്ടെത്താനുളള ആ ഓട്ടം കണ്ട്
ലോകം ചോദിച്ചു, ലോകത്ത് അമ്മയേക്കാൾ വലിയ പോരാളിയാരാണ്?
രമാബായി രൺവീർ(47) ആണ് മഹാരാഷ്ട്ര ബീഡിലെ അംബാജൊഗായിലെ മാരത്തണിൽ ഒന്നാമതെത്തി 3000 രൂപ സമ്മാനമായി നേടിയത്. കായികദിനാചരണത്തിന്റെ ഭാഗമായായിരുന്നു 'ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥ അമൃത് ദൗഡ്' മാരത്തൺ. 30 വയസിനു മേലെയുള്ളവർക്കുള്ള മൂന്നുകിലോമീറ്റർ മാരത്തണിൽ കുറച്ചുദൂരം ചെരിപ്പിട്ട് ഓടി. കാല് തെന്നിത്തുടങ്ങിയതോടെ ചെരിപ്പും കൈയിൽ പിടിച്ചായി ഓട്ടം. മുപ്പത് മിനിറ്റുകൊണ്ട് ചെറുപ്പക്കാരായ മത്സരാർത്ഥികളെ പിന്നിലാക്കി മാരത്തൺ പൂർത്തിയാക്കി. വിജയിയെക്കണ്ട് സംഘാടകർ അമ്പരന്നു. ആ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. രണ്ടാമതായി ഫിനിഷ് ചെയ്ത പൂജയ്ക്ക് രണ്ടായിരം രൂപ ലഭിച്ചു. ഹിംഗോലി ജില്ലയിലെ പോത്ര നിവാസിയാണ് രമാബായി. 2012ൽ ഭർത്താവ് മരിച്ചു. സ്വന്തമായി ഒന്നുമില്ല. വീടുകളിലും മറ്റുള്ളവരുടെ കൃഷിയിടത്തിലും ജോലി ചെയ്താണ് രണ്ടുമക്കളെയും പഠിപ്പിക്കുന്നത്. ആരതി നന്ദേഡിലെ വിശ്വഭാരതി മഹാവിദ്യാലയയിലെ രണ്ടാം വർഷ ബി.എസ്‌സി ബിരുദവിദ്യാർത്ഥിനിയാണ്.
' അവൾ പിണങ്ങി,
എനിക്ക് വേദനിച്ചു'
' പഠിക്കാൻ മിടുക്കിയാണ് ഇളയ മകൾ ആരതി.
അവൾക്ക് മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്കുള്ള പുസ്തകങ്ങൾ വാങ്ങാൻ 3,200 രൂപ വേണം. എനിക്കത് സംഘടിപ്പിക്കാനായില്ല. എട്ടുദിവസമായി അവൾ എന്നോട് മിണ്ടിയിട്ട്. എനിക്ക് സങ്കടമായി. അപ്പോഴാണ് മാരത്തോണിനെ കുറിച്ച് അറിഞ്ഞത്. ഞാനും പേര് കൊടുത്തു. '
-രമാബായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |