
23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഗ്ളാസ്ഗോയിൽ തുടക്കം
ഗ്ളാസ്കോ : ബ്രിട്ടനും ബ്രിട്ടന്റെ പഴയ കോളനി രാജ്യങ്ങളും മാറ്റുരയ്ക്കുന്ന, നാലുവർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കം.12 ദിവസം നീളുന്ന കായികോത്സവത്തിൽ 74 രാജ്യങ്ങളിൽ നിന്ന് 3000ത്തോളം കായിക താരങ്ങളാണ് മാറ്റുരയ്ക്കാനെത്തുന്നത്. 10 കായിക വിഭാഗങ്ങളിലായി 215 മെഡൽ ഇവന്റുകളാണു ള്ളത്. ഇതോടൊപ്പം തന്നെ ഇതേ വേദികളിൽ ആറ് കായിക ഇനങ്ങളിലായി പാരാ കോമൺവെൽത്ത് ഗെയിംസും നടക്കും.
ഗ്ളാസ്ഗോയിലെ പ്രസിദ്ധമായ ഒവോ ഹൈഡ്രോ ഇൻഡോർ അരീനയിലാണ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകൾ പൂർണമായും ഇൻഡോറിൽ നടക്കുന്നത്. സ്കോട്ടിഷ് സംഗീജ്ഞ കേറ്റ് വിക്ടോറിയ ടുൺസ്റ്റാൾ,കലം ബീറ്റി,നഥാൻ ഇവാൻസ് തുടങ്ങിയവരുടെ പ്രകടനങ്ങൾ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകും.ബ്രിട്ടീഷ് രാജകുടുംബം ഉദ്ഘാടനച്ചടങ്ങിൽ അതിഥികളായെത്തും. എലിസബത്ത് രാജ്ഞിയുടെ മരണശേഷം നടക്കുന്ന ആദ്യ കോമൺവെൽത്ത് ഗെയിംസാണിത്.
ഭാഗ്യചിഹ്നം ഫിന്നി
ഫിന്നി എന്നുപേരുള്ള യൂണികോണാണ് ഗ്ളാസ്ഗോ ഗെയിംസിന്റെ ഭാഗ്യചിഹ്നം.
മത്സരങ്ങൾ വെട്ടിക്കുറച്ചു,
ഇന്ത്യയ്ക്ക് തിരിച്ചടി
2022ൽ ബർമിംഗ്ഹാമിൽ നടന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ 20 കായിക ഇനങ്ങളിലായിരുന്നു മത്സരം. എന്നാൽ ഇക്കുറി അപ്രതീക്ഷിതമായി ആതിഥേയരാകേണ്ടിവന്നതിനാൽ കായികമത്സരങ്ങളുടെയും പങ്കെടുക്കുന്ന താരങ്ങളുടെയും എണ്ണം ഗ്ളാസ്ഗോയിലെ സംഘാടകർ പകുതിയായി വെട്ടിക്കുറച്ചു. 4822 കായികതാരങ്ങളാണ് ബർമിംഗ് ഹാമിൽ മാറ്റുരയ്ക്കാൻ എത്തിയത്.ഇത്തവണ അത് മൂവായിരത്തോളമായി മാറി.
കായിക ഇനങ്ങൾ വെട്ടിക്കുറച്ചത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയുടെ മെഡൽ സാദ്ധ്യതകളെയാണ്. കഴിഞ്ഞ ഗെയിംസുകളിൽ ഇന്ത്യ മെഡലുകൾ നേടിയിരുന്ന ഷൂട്ടിംഗ്, റെസ്‌ലിംഗ്,ഹോക്കി,ക്രിക്കറ്റ്,ബാഡ്മിന്റൺ,ടേബിൾ ടെന്നിസ്,സ്ക്വാഷ് എന്നിവയൊക്കെ ഇത്തവണ ഒഴിവാക്കി. കഴിഞ്ഞ ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കലങ്ങളും അടക്കം 61 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. 67സ്വർണവും 57 വെള്ളിയും 55 വെങ്കലങ്ങളുമടക്കം 179 മെഡലുകൾ നേടിയ ഓസീസായിരുന്നു ഗെയിംസ് ചാമ്പ്യന്മാർ. 58 സ്വർണവും 65 വെള്ളിയും 53 വെങ്കലങ്ങളുമടക്കം 176 മെഡലുകളുമായി ഇംഗ്ളണ്ട് രണ്ടാമതെത്തി.
126 അംഗ ഇന്ത്യൻ ടീം
കോമൺവെൽത്ത് ഗെയിംസിനായി ഇന്ത്യ 126 അംഗ സംഘത്തെയാണ് അയയ്ക്കുന്നത്. 78 പുരുഷ കായികതാരങ്ങളും 48 വനിതാ കായിക താരങ്ങളും. അത്‌ലറ്റിക്സ് , ബോക്സിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ് തുടങ്ങിയ ഇനങ്ങളിലാണ് മെഡൽ പ്രതീക്ഷ. അത്‌ലറ്റിക്സിൽ മുൻ ലോക ചാമ്പ്യനും ഒളിമ്പിക് സ്വർണജേതാവുമായ നീരജ് ചോപ്ര, മലയാളി താരം എം.ശ്രീശങ്കർ, പരുൾ ചൗധരി, ഗുരീന്ദർവീർ സിംഗ്, അനിമേഷ് കുജൂർ,സർവേഷ് കുശാരേ, തജീന്ദർപാൽ സിംഗ്, പ്രവീൺ ചിത്രവേൽ, തേജസ്വിൻ ശങ്കർ, പൂജ സിംഗ്, ബോക്സിംഗിൽ ലവ്‌ലിന ബോർഗോഹെയ്ൻ,ജാസ്മിൻ, വെയ്‌റ്റ്ലിഫ്റ്റിംഗിൽ മിരാഭായ് ചാനു, ജൂഡോയിൽ തൂലിക മൻ തുടങ്ങിയവർ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരയ്ക്കും.
മലയാളി പ്രതീക്ഷകൾ
കഴിഞ്ഞ ഗെയിംസിൽ അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ഏകസ്വർണം നേടിയിരുന്നത് ട്രിപ്പിൾ ജമ്പിൽ മലയാളിയായ എൽദോസ് പോളായിരുന്നു. എന്നാൽ ഇക്കുറി എൽദോസ് മത്സരിക്കുന്നില്ല. എൽദോസിനൊപ്പം ചാടി വെള്ളി നേടിയ അബ്ദുള്ള അബൂബക്കറും ഇക്കുറി ഇല്ല. ലോംഗ്ജമ്പിൽ വെള്ളി നേടിയിരുന്ന മലയാളിതാരം എം.ശ്രീശങ്കർ ഇക്കുറി അത് സ്വർണമായി ഉയർത്താനുള്ള ശ്രമത്തിലാണ്. 2024ലെ പാരീസ് ഒളിമ്പിക്സിൽ പരിക്കുമൂലം മത്സരിക്കാൻ കഴിയാതിരുന്ന ശ്രീശങ്കർ ഏറെനാളത്തെ വിശ്രമത്തിനും റിഹാബിലിറ്റേഷനും ശേഷമാണ് പരിശീലനം പുനരാരംഭിച്ചത്. ജൂണിൽ ഭുവനേശ്വറിൽ നടന്ന ഇന്റർസ്റ്റേറ്റ് അത്‌ലറ്റിക്സിൽ 8.38 മീറ്റർ ചാടിയ ശ്രീ തികഞ്ഞ മെഡൽപ്രതീക്ഷയോടെയാണ് ഗ്ളാസ്ഗോയ്ക്ക് തിരിക്കുന്നത്.
വനിതകളുടെ 400 മീറ്ററിലും മിക്സഡ് റിലേയിലും മലയാളിതാരം അൻസ ബാബു മത്സരിക്കുന്നുണ്ട്. സ്വിമ്മിംഗിൽ മലയാളി സാന്നിദ്ധ്യമായി സജൻ പ്രകാശുണ്ട്.50,200 മീറ്റർ ബട്ടർഫ്ളൈ, 200 മീറ്റർ ഫ്രീസ്റ്റൈലിലുമാണ് സജൻ ഇറങ്ങുന്നത്. പാരാ അത്‌ലറ്റിക്സിൽ മുഹമ്മദ് ബാസിലും ശിൽപ്പ കെ.ഷൈലയും മത്സരിക്കുന്നുണ്ട്.
അടുത്ത ഗെയിംസ്
അഹമ്മദാബാദിൽ
അടുത്ത കോമൺവെൽത്ത് ഗെയിംസിന് 2030ൽ വേദിയാകുന്നത് ഇന്ത്യയാണ്. അഹമ്മദാബാദിലാണ് മത്സരങ്ങൾ നടത്തുക. 2010ൽ ഡൽഹിയിൽ ഗെയിംസ് നടന്നിരുന്നു. ഇത്തവണത്തെ സമാപനച്ചടങ്ങിൽ ഇന്ത്യൻ സംഘം ഗെയിംസ് പതാക ഔദ്യോഗികമായി ഏറ്റുവാങ്ങും. അഹമ്മദാബാദിൽ ഗെയിംസ് നടത്താനുള്ള മുന്നൊരുക്കങ്ങൾ സജീവമായി നടക്കുകയാണ്. പതാക ഏറ്റുവാങ്ങുന്നതോടെ ഇന്ത്യ പൂർണമായും ഗെയിംസ് മോഡിലേക്ക് മാറും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അഹമ്മദാബാദ് ഗെയിംസ് സംഘാടനത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
4
ഇത് നാലാം വട്ടമാണ് സ്കോട്ട്‌ലാൻഡ് കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്. 1970ലും 1986ലും എഡിൻബറോയി ലും 2014ൽ ഗ്ളാസ്ഗോയിലുമാണ് ഇതിന് മുമ്പ് ഗെയിംസ് നടത്തിയത്. ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റാണ് ഗെയിംസിന്റെ ആതിഥ്യം ഏറ്റെടുത്തിരുന്നതെങ്കിലും ചെലവ് കൂടുതലായതിനാൽ പിന്മാറി. തുടർന്നാണ് ഗ്ളാസ്ഗോ വേദി ഏറ്റെടുത്തത്.
10
കായിക ഇനങ്ങളേ ഇക്കുറി കോമൺവെൽത്ത് ഗെയിംസിനുള്ളൂ. ബാസ്കറ്റ്ബാൾ,ജിംനാസ്റ്റിക്സ്, അത്‌ലറ്റിക്സ്, ലോൺബാൾസ്, ബോക്സിംഗ്,സൈക്ളിംഗ്,ജൂഡോ,നെറ്റ്ബാൾ,സ്വിമ്മിംഗ്,വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ലോൺബാൾസ് ഇന്ന് തുടങ്ങും. മറ്റിനങ്ങളിൽ നാളെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. അത്‌ലറ്റിക്സ് ഈമാസം 27നാണ് ആരംഭിക്കുന്നത്. ബാസ്കറ്റ് ബാൾ, അത്‌ലറ്റിക്സ്, ലോൺബാൾസ്, ട്രാക്ക് സൈക്ളിംഗ്,സ്വിമ്മിംഗ്, പവർലിഫ്റ്റിംഗ് ഇനങ്ങളിലാണ് പാരാ ഗെയിംസ് നടക്കുന്നത്. ആഗസ്റ്റ് രണ്ടിനാണ് സമാപനം.
7
സ്റ്റേഡിയങ്ങളിലായാണ് ഇക്കുറി ഗെയിംസ് നടത്തുന്നത്. ഒവോ ഹൈഡ്രോ ഇൻഡോർ അരീനയിലാണ് ഉദ്ഘാടനം. നെറ്റ്ബാളും ഇവിടെ നടക്കും. മറ്റൊരു ഇൻഡോർ വേദിയായ എസ്.ഇ.സി സെന്ററിലാണ് ബാസ്കറ്റ്ബാൾ,ലോൺബാൾസ്, ബോക്സിംഗ്
ഏഷ്യൻ ഗെയിംസിനുള്ള
തയ്യാറെടുപ്പ്
ചുരുങ്ങിയ രീതിയിൽ നടക്കുന്ന ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വലിയ മെഡൽ പ്രതീക്ഷകളില്ല. എന്നാൽ സെപ്തംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് തയ്യാറെടുക്കാനുള്ള മികച്ച അവസരമായാണ് കേന്ദ്ര കായിക മന്ത്രാലയവും സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയും ഈ ഗെയിംസിനെ കാണുന്നത്. അത്‌ലറ്റിക്സിൽ ഓസ്ട്രേലിയ, ഇംഗ്ളണ്ട്, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവരൊക്കെ കോമൺവെൽത്ത് ഗെയിംസിൽ മാറ്റുരയ്ക്കുന്നുണ്ട്. കഴിഞ്ഞ ഗെയിംസിൽ അത്‌ലറ്റിക്സിൽ ഒരു സ്വർണവും നാലുവെള്ളിയും മൂന്ന് വെങ്കലങ്ങളും മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇക്കുറി നീരജിന്റെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനവും ഉൗർജം പകരുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |