
ഇന്ത്യ - സിംബാബ്‌വേ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് ഹരാരേയിൽ തുടക്കം
ഹരാരേ : പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലാൻഡിലും ഇംഗ്ളണ്ടിലുമായി കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റാണ് ഇന്ത്യ പുതിയ തുടക്കം തേടി സിംബാബ്‌വേയിൽ. ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് ഇന്ന് ഹരാരേയിലാണ് തുടക്കമാകുന്നത്.
ശ്രേയസ് ക്യാപ്ടനായും തിലക് വർമ്മ വൈസ് ക്യാപ്ടനായും തുടരുന്ന ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ സിംബാബ്‌വേയിൽ എത്തിയിരിക്കുന്നത്. ഐറിഷ്, ഇംഗ്ളീഷ് പര്യടനങ്ങളിലെ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസൺ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്,ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഒഴിവാക്കിയപ്പോൾ റിങ്കു സിംഗിനെയും മയാങ്ക് യാദവിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.അശോക് ശർമ്മ,യഷ് താക്കൂർ,ഹർഷ് ദുബെ എന്നിവരെ ആദ്യമായി ടീമിലേക്ക് എടുത്തിട്ടുണ്ട്. 15വയസുകാരൻ വൈഭവ് സൂര്യവംശി ഈ പരമ്പരയിലും ടീമിലുണ്ട്.
പാക് വംശജനായ സിക്കന്ദർ റാസയാണ് സിംബാബ്‌വേ ടീമിനെ നയിക്കുന്നത്.ഈ വർഷം നടന്ന ട്വന്റി-20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്ളെസിംഗ് മുസറാബനി,ബ്രയാൻ ബെന്നറ്റ്,റയാൻ ബേൾ തുടങ്ങിയവർ ടീമിലുണ്ട്. ബംഗ്ളാദേശിനെതിരെ മൂന്ന് മത്സരപരമ്പര 2-1ന് തോറ്റതിന് പിന്നാലെയാണ് സിംബാബ്‌വേ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയയെയും ശ്രീലങ്കയേയും അട്ടിമറിച്ചവരാണ് സിക്കന്ദറും സംഘവും. ലോകകപ്പിന്റെ സൂപ്പർ എട്ടിൽ ഇന്ത്യയോട് 72 റൺസിന് തോറ്റിരുന്നു.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : ശ്രേയസ് അയ്യർ(ക്യാപ്ടൻ),വൈഭവ് സൂര്യവംശി,അഭിഷേക് ശർമ്മ, തിലക് വർമ്മ. ഇഷാൻ കിഷൻ,പ്രഭ്സിമ്രാൻ സിംഗ്,റിങ്കു സിംഗ്,ശിവം ദുബെ,ഹർഷ് ദുബെ,സൂര്യംശ് ഷെഡ്ജെ,അശോക് ശർമ്മ,പ്രിൻസ് യാദവ്,മയാങ്ക് യാദവ്, രവി ബിഷ്ണോയ്,യഷ് താക്കൂർ.
സിംബാബ്‌വേ : സിക്കന്ദർ റാസ(ക്യാപ്ടൻ),ബെൻ കറാൻ, തദിവനാശേ മറുമാണി,മിൽട്ടൺ ഷുംഭ,ഡിയോൺ മയേഴ്സ്, തഫാസ സിഗ,ബ്രയാൻ ബെന്നറ്റ്,റയാൻ ബേൾ,ബ്രാഡ് ഇവാൻസ്,വെസ്‌ലി മധേവരെ,തനാക്ക ചിവാംഗ,മസാക്കദ്സ, ബ്ളെസിംഗ് മുസറാബനി,റിച്ചാഡ് ഗരാവ,ന്യൂമാൻ ന്യാംഹുറി.
ടി വി ലൈവ് : 4.30pm മുതൽ യുണൈറ്റ് 8 സ്പോർട്സ് ചാനലിൽ
പര്യടന ഫിക്സ്ചർ
ഒന്നാം ട്വന്റി-20 : ഇന്ന് ഹരാരേയിൽ
രണ്ടാം ട്വന്റി-20 : ജൂലായ് 25, ഹരാരേ
മൂന്നാം ട്വന്റി-20 : ജൂലായ് 26, ഹരാരേ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |