
ഗാൾ: മഴ രസം കൊല്ലിയായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സ്പിന്നിന് മുന്നിൽ പതറിയെങ്കിലും മികച്ച സ്കോറിലെത്തി ഇന്ത്യ. ഇന്നലെ സ്റ്രമ്പെടുക്കുമ്പോൾ 460/9 എന്ന നിലയിലാണ് ഇന്ത്യ. മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം ഇന്നലെ ഒന്നര സെക്ഷനോളം മാത്രമേ കളി നടന്നുള്ളൂ. ആകെ 43 ഓവറോളം മാത്രമേ ഇന്നലെ എറിയാനായുള്ളൂ. ലഞ്ചിന് ശേഷം 288/2 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് റിഷഭ് പന്തിന്റെ (39) വിക്കറ്റാണ് ആദ്യം നഷ്ടമായത്. കെഷാര നുവന്തയാണ് പന്തിനെ മടക്കിയത്. പേശിവലിവിനെ തുടർന്ന് ആദ്യ ദിനം ക്രീസ് വിട്ടശേഷം ഇന്നലെ തിരിച്ചെത്തിയ കെ.എൽ രാഹുലിന് വ്യക്തിഗത സ്കോറിൽ 5 റൺസേ കൂട്ടിച്ചേർക്കാനായുളളൂ.കെഷാര തന്നെയാണ് രാഹുലിനെയും മടക്കിയത്. നിഷാൻ മദുഷ്‌കയാണ് ക്യാച്ചെടുത്തത്. പകരമെത്തിയ ധ്രുവ് ജുറലിനൊപ്പം (51)
150 റൺസ് തികച്ച് ദേവ്‌ദത്ത് പടിക്കൽ പ്രശ്നങ്ങളില്ലാതെ ഇന്ത്യൻ സ്കോർ മുന്നോട്ടു കൊണ്ടുപോയി. ദേവ്ദത്തിനെ മടക്കി പ്രഭാത് ജയസൂര്യയയാണ് കൂട്ടുകെട്ട് പൊളിച്ചത്. പ്രഭാതിനെ ക്രീസിഷൽ നിന്ന് ഇറങ്ങി കളിക്കാൻ ശ്രമിച്ച ദേവ്‌ദതത്തിനെ നിരോഷൻ ഡിക്‌വെല്ല സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
230 പന്ത് നേരിട്ട പടിക്കൽ 15 ഫോറും 1 സിക്സും ഉൾപ്പെടെ 167 റൺസ് നേടി. പകരമെത്തിയ രവീന്ദ്ര ജഡേജയെ (13) നുവാന്ത വിക്കറ്രിന് മുന്നിൽ കുടുക്കി. തുടർന്ന് ജുറലും മാനവ് സുതറും (24) ഇന്ത്യയെ 400 കടത്തി. അർദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ടീം സ്കോർ 432ൽ വച്ച് ജുറൽ പ്രബാതയുടെ പന്തിൽ സ്ലിപ്പിൽ ധനഞ്ജയ ഡിസിൽവയെടുത്ത തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ പുറത്തായി.
8-ാം വിക്കറ്രിൽ മാനവിനൊപ്പം 66 പന്തിൽ 55 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ജുറലിന്റെ മടക്കം. അധികം വൈകാതെ സിറാജിനെ (11) അസിത ഫെർണാണ്ടോയും മാനവിനെ പ്രബാതും മടക്കി. 12 റൺസുമായി കുൽദീപ്
യാദവും 1 റൺസെടുത്ത് പ്രസിദ്ധ് കൃഷ്‌ണയുമാണ് ഇന്നലെ കളി നിറുത്തുമ്പോൾ ക്രീസിൽ.
ശ്രീലങ്കയ്ക്കായി സ്പിന്നർമാരായ പ്രബാത് നാലും നുവന്ത മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി.
3-ടെസ്റ്രിൽ മൂന്നാം നമ്പറിൽ ഇറങ്ങി ശ്രീലങ്കയ്ക്ക് എതിരെ 150 പ്ലസ് സ്കോർ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാണ് ദേവ്‌ദത്ത് പടിക്കൽ. രാഹുൽ ദ്രാവിഡ് , ചേതേശ്വർ പൂജാര എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |