SignIn
Kerala Kaumudi Online
Sunday, 30 August 2026 4.12 AM IST

ഗ്രീൻഫീൽഡിൽ അവതരിച്ച് യൂണിവേഴ്‌സ് ബോസ് !

d

സിക്സർ മഴയും 'എന്താ മോനെ ദിനേശാ' ഡയലോഗുമായി ക്രിസ് ഗെയ്ൽ തരംഗമായി

​തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശക്കടലാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് - തൃശൂർ ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് കാണികൾക്ക് ആവേശമായി 'യൂണിവേഴ്സ് ബോസ്' മൈതാനത്തിറങ്ങിയത്.

​മത്സരശേഷം ആരാധകർക്ക് വേണ്ടി ബാറ്റ് കൈയിലെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്സർ മഴ പെയ്യിച്ചു. മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവൽ, തൃശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയിലിന് പന്തെറിയാൻ എത്തിയത്. ഇവർ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ൽ അനായാസം ബൗണ്ടറി കടത്തി. ഗെയ്ൽ ഓരോ സിക്സ് അടിക്കുമ്പോഴും ഗാലറിയിൽ വൻ ഹർഷാരവമാണ് ഉയർന്നത്.​ പിന്നീട് ബാറ്റ് വീശാൻ ശ്രീശാന്തും ഇറങ്ങി. ശ്രീശാന്തിനെതിരെ ക്രിസ് ഗെയ്ൽ തന്നെ പന്തെറിഞ്ഞത് കാണികൾക്ക് ഇരട്ടിമധുരമായി. തുടർന്ന് വീണ്ടും ബാറ്റ് എടുത്ത ഗെയ്ൽ സ്റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

​വെടിക്കെട്ട് ബാറ്റിംഗിന് പുറമെ തന്റെ കിടിലൻ നർമ്മബോധം കൊണ്ടും ഗെയ്ൽ ആരാധകരുടെ മനംകവർന്നു. ശ്രീശാന്തിന്റെ ശിക്ഷണത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ആക്ഷൻ അനുകരിച്ച ഗെയ്ൽ, സദസിനെ നോക്കി "എന്താ മോനെ ദിനേശാ..." എന്ന് പറഞ്ഞത് ഗ്യാലറിയിൽ ഇളക്കിമറിച്ചു. കാണികളോട് അദ്ദേഹം മലയാളത്തിൽ സംസാരിക്കുകയും ചെയ്തു.
​ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി വിനോദ് എസ്. കുമാർ ക്രിസ് ഗെയിലിനെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360