SignIn
Kerala Kaumudi Online
Sunday, 30 August 2026 4.12 AM IST

ക്ലൈമാക്‌സിൽ കൊച്ചി!

a

തൃശൂരിനെതിരെ കൊച്ചിയ്ക്ക് ഒരു റൺസിന്റെ നാടകീയ ജയം

തിരുവനന്തപുരം: ആവേശം അവസാന പന്ത് വരെ നീണ്ട കെ.സി.എൽ പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഒരു റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന തൃശൂർ 170 റൺസിന് ഓൾഔട്ടായി. അഞ്ച് തുടർ പരാജയങ്ങൾക്ക് ശേഷം കൊച്ചിയുടെ ആദ്യജയമാണിത്. മൂന്ന് നിർണായക വിക്കറ്റുകൾ നേടി കൊച്ചിക്ക് വിജയമൊരുക്കിയ കാർത്തിക് ബി നായരാണ് കളിയിലെ താരം.

സ്കോർ:കൊച്ചി - 20 ഓവറിൽ 171/10 , തൃശൂർ - 20 ഓവറിൽ 170/10

മുൻനിരയും വാലറ്റവും നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയിൽ മനുകൃഷ്ണനും (35 പന്തിൽ 50), സച്ചിൻ സുരേഷും (23 പന്തിൽ 46) ചേർന്ന് പടുത്തുയർത്തിയ തകർപ്പൻ കൂട്ടുകെട്ടാണ് കൊച്ചിയെ നല്ല സ്കോറിലെത്തിച്ചത്. രണ്ടാം ഓവറിൽ തന്നെ വിപുൽ ശക്തിയുടെ (10) വിക്കറ്റ് കൊച്ചിക്ക് നഷ്ടമായി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും വിനൂപ് മനോഹരനും (26) അധിക നേരം പിടിച്ചുനിൽക്കാനായില്ല. പിന്നാലെ മുഹമ്മദ് ഷാനുവും (12) സാലി സാംസണും (10) കൂടി മടങ്ങിയതോടെ 70/4 റൺസെന്ന നിലയിലായിരുന്നു കൊച്ചി.

തുടർന്ന് അഞ്ചാം വിക്കറ്റിലൊരുമിച്ച മനുകൃഷ്ണനും സച്ചിൻ സുരേഷും രക്ഷാപ്രവർത്തനം ഏറ്രെടുത്തു. സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും അനായാസം സ്കോർ ഉയർത്തി. 41 പന്തുകളിൽ നിന്ന് 90 റൺസാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്. മനുകൃഷ്ണനെ പുറത്താക്കി ശരത് ചന്ദ്രപ്രസാദാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ സച്ചിൻ സുരേഷിനെയും ആൽഫി ഫ്രാൻസിസിനെയും (2) പുറത്താക്കി അബ്ദുൾ റമീസും ആഞ്ഞടിച്ചു. അടുത്ത ഓവറിൽ തുടരെയുള്ള പന്തുകളിൽ ബേസിൽ തമ്പിയെയും (1), കാർത്തിക് ബി നായരെയും (0) പുറത്താക്കി ശരത് കൊച്ചിക്ക് വീണ്ടും പ്രഹരമേൽപ്പിച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ആഷിക്കിനെ പുറത്താക്കി റമീസ് കൊച്ചിയുടെ ഇന്നിംഗ്സിന് അവസാനമിട്ടു. തൃശൂരിന് വേണ്ടി ശരത് നാലും റമീസ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

മറുപടിക്കിറങ്ങിയ തൃശൂരിന്റെ ഓപ്പണർമാരായ സഞ്ജീവ് സതീശനും (10) ഇമ്രാനും (5) വേഗത്തിൽ മടങ്ങി. എന്നാൽ ഷോൺ റോജറും (34 പന്തിൽ 41), നിഖിൽ തോട്ടത്തും (17 പന്തിൽ 31) ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 46 റൺസ് പിറന്നു. നിഖിലിനെ പുറത്താക്കി കാർത്തിക് ആണ് കൂട്ടുകെട്ട് പൊളിച്ചത്. ഷോണും എ.കെ അർജുനും (32) ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെയുള്ള പന്തുകളിൽ ഷോണിനേയും (41) പകരമെത്തിയ മുഹമ്മദ് ഇനാനെയും (0) പുറത്താക്കി കാർത്തിക് കൊച്ചിക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു.

തൊട്ടടുത്ത ഓവറിൽ അർജുൻ പുറത്തായതോടെ തൃശൂർ തോൽവി ഉറപ്പിച്ചെന്ന് കരുതിയ ഘട്ടത്തിലാണ് ക്യാപ്ടൻ എം.എസ് അഖിലും (15) ഷാരോണും (12 പന്തിൽ 14) ചേർന്ന് തകർപ്പൻ തിരിച്ചുവരവിന് തുടക്കമിട്ടത്. അഖിൽ പുറത്തായെങ്കിലും ഷാരോൺ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു. ഇരുപതാം ഓവ‍ർ തുടങ്ങുമ്പോൾ 11 റൺസായിരുന്നു തൃശൂരിന് ജയിക്കാൻ വേണ്ടത്. നാലാം പന്ത് സിക്സർ പറത്തി ഷാരോൺ ടീമിനെ വിജയത്തിന് തൊട്ടരികിലെത്തിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത പന്തിൽ ഷാരോണിനെ പുറത്താക്കി ആഷിക് കളി കൊച്ചിയുടെ വരുതിയിലാക്കി. തൃശൂരിന്റെ മറുപടി 170 ൽ അവസാനിച്ചപ്പോൾ കൊച്ചിക്ക് ഒരു റൺസിന്റെ വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360