
ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കാൻ നീക്കവുമായി ഇറാൻ. 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം. ഇതുസംബന്ധിച്ച നിയമനിർമാണത്തിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ‘കൗണ്ടർ-ആക്ഷൻ ബൈ ദി മിലിട്ടറി ആൻഡ് സെക്യൂരിറ്റി ഫോഴ്‌സസ് ഓഫ് ദി ഇസ്‌ലാമിക് റിപ്പബ്ലിക്’ എന്ന പേരിലുള്ള ബില്ലിന്റെ വിവരങ്ങൾ അറിയിച്ചത്. ട്രംപ്, നെതന്യാഹു എന്നിവരെ വധിക്കുന്ന വ്യക്തിക്കോ സംഘടനയ്ക്കോ ഈ തുക ഔദ്യോഗികമായി കൈമാറാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
ഫെബ്രുവരി 28ന് ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാൻ പാർലമെന്റ് വധശിക്ഷാ പ്രതിഫല ബിൽ വോട്ടിനിടാൻ ഒരുങ്ങുന്നത്. ഖമനയിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ട്രംപ്, നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഇബ്രാഹിം അസീസി വ്യക്തമാക്കി. ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവർക്ക് ഉടൻ രാജ്യം പ്രതിഫലം നിശ്ചയിക്കുമെന്ന് നാഷണൽ സെക്യൂരിറ്റി കമ്മിഷൻ അംഗം മഹ്മൂദ് നബാവിയാനും പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |